മഹാസഖ്യത്തിന് വിനയായും എന്‍ഡിഎക്ക് നേട്ടമായും ഒവൈസിയുടെ സാന്നിധ്യം

0
170

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. മുന്നണിക്ക് ഭൂരിപക്ഷം നേടുന്നതിന് നിര്‍ണായകമായത് അസദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്റെ സാന്നിധ്യം. 

പൂര്‍ണിയ, കതിഹാര്‍, അരാരിയ കിഷന്‍ഗഞ്ജ് ജില്ലകള്‍ ഉള്‍പ്പെടുന്ന സീമാഞ്ചല്‍ മേഖലയിലാണ് ഒവൈസിയുടെ പാര്‍ട്ടിയുടെ സാന്നിധ്യം എന്‍.ഡി.എക്ക് തുണയായത്. മുസ്ലിം ഭൂരിപക്ഷമുള്ള ഈ മേഖല പരമ്പരാഗതമായി ആര്‍.ജെ.ഡിക്കും കോണ്‍ഗ്രസിനും വേരോട്ടമുള്ളയിടമാണ്.

ബി.എസ്.പി., ആർ.എൽ.എസ്.പി. എന്നിവരെ ഉൾപ്പെടുത്തിയുള്ള മുന്നണി രൂപവത്കരിച്ചാണ് ഒവൈസിയുടെ പാര്‍ട്ടി ബിഹാറില്‍ മത്സരിച്ചത്. 233 സീറ്റിലാണ് ഇവർ മത്സരിക്കാനിറങ്ങിയത്. ഇതിൽ ആറിടത്ത് മാത്രമാണ് ഈ സഖ്യം ലീഡ് ചെയ്യുന്നത്. അഞ്ചുസീറ്റുകളില്‍ എ.ഐ.എം.ഐ.എം മുന്നിട്ട് നില്‍ക്കുന്നുണ്ട്. ബി.എസ്.പി. ഒരു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്.

എ.ഐ.എം.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണി സീമാഞ്ചല്‍ മേഖലയില്‍ പിടിച്ച മുസ്ലിം വോട്ടുകള്‍ ആര്‍.ജെ.ഡി.-കോണ്‍ഗ്രസ് സഖ്യത്തിന് ലഭിക്കേണ്ടതായിരുന്നുവെന്നാണ് വിലിയിരുത്തുന്നത്. 14 സീറ്റുകളോളം ഈ മേഖലയില്‍ മഹാസഖ്യത്തിന് ഉണ്ടായിരുന്നു. ഇതില്‍ പലതും നഷ്ടമായി. പൂര്‍ണിയ ജില്ലയില്‍ 2015-ല്‍ മഹാസഖ്യം വിജയിച്ച അമൗര്‍, ബൈസി സീറ്റുകള്‍ ഇത്തവണ ഒന്നില്‍ ഒവൈസിയുടെ പാര്‍ട്ടിയും ബൈസിയില്‍ ബി.ജെ.പിയുമാണ് ലീഡ് ചെയ്യുന്നത്.

2015-ല്‍ ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എ.ഐ.എം.ഐ.എം സീമാഞ്ചലിലെ ആറ് സീറ്റുകളില്‍ മത്സരിച്ചിരുന്നെങ്കിലും കാര്യമായ പ്രതിഫലനമൊന്നും ഉണ്ടാക്കാനായിരുന്നില്ല. ചില മണ്ഡലങ്ങളില്‍ രണ്ടാമതെത്തി എന്നതൊഴിച്ചാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേട്ടമുണ്ടായില്ല. മുന്‍ കേന്ദ്ര മന്ത്രി ഉപേന്ദ്ര കുശ്‌വാഹയായിരുന്നു ഗ്രാന്‍ഡ് ഡെമോക്രാറ്റിക് സെക്യുലറിന്റെ ഇത്തവണത്തെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. എന്നാല്‍, അദ്ദേഹത്തിന്റെ പാര്‍ട്ടി ഒരിടത്തും ലീഡ് ചെയ്യുന്നില്ല എന്നതും ശ്രദ്ധേയമാണ്.

സമാനമായ വെല്ലുവിളിയാണ് ജെ.ഡി.യു. ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിയില്‍നിന്ന് നേരിട്ടത്. നിതീഷ് കുമാറിനെ ഒതുക്കാന്‍ ബി.ജെ.പിയാണ് ചിരാഗിനെ രംഗത്തിറക്കിയതെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. എന്തായിരുന്നാലും ജെ.ഡി.യുവിനെ ഇത് കാര്യമായി ബാധിച്ചു. നിതീഷിനെ മുഖ്യമന്ത്രിയായി അംഗീകരിക്കില്ലെന്ന് പറഞ്ഞാണ് എല്‍.ജെ.പി. എന്‍.ഡി.എ. സഖ്യം വിട്ടത്. ജെ.ഡി.യുവിനെതിരേ മാത്രമാണ് അവര്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. നിതീഷിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയപ്പോഴും ബി.ജെ.പി. നേതാക്കള്‍ മൗനം പാലിച്ചതും ശ്രദ്ധേയമാണ്. 2011-ല്‍ 71 സീറ്റുകള്‍ നേടിയ ജെ.ഡി.യു. ഇത്തവണ 42 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. അതേസമയം, 72 ഇടങ്ങളില്‍ ലീഡ് നേടി ബി.ജെ.പി. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയാകുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here