കരുവാരക്കുണ്ട്: മതത്തിന്‍റെ പേരില്‍ വോട്ട് ചോദിച്ച ആളെ കൊണ്ട് മാപ്പ് പറയിപ്പിച്ച് നാട്ടുകാര്‍. മലപ്പുറം കരുവാരക്കുണ്ടിലാണ് സംഭവം. കരുവാരക്കുണ്ട് പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ത്ഥി അറുമുഖനെതിരെയാണ് വര്‍ഗീയ പ്രചാരണം നടന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം. വര്‍ഗീയത പറഞ്ഞല്ല രാഷ്ട്രീയം പറഞ്ഞാണ് വോട്ട് തേടേണ്ടതെന്നും നാട്ടുകാര്‍ ക്ഷുഭിതരായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നു.
സിപിഎം സ്ഥാനാര്‍ത്ഥി മുസ്ലിം അല്ലാത്തതിനാല്‍ മുസ്ലിമായ സ്ഥാനാര്‍ത്ഥിക്ക് വോട്ട് നല്‍കണമെന്നായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ബന്ധു ആവശ്യപ്പെട്ടത്. ഇതറിഞ്ഞ നാട്ടുകാര്‍ ഇയാളെ തടഞ്ഞു നിര്‍ത്തി ക്ഷോഭിച്ചു. ഇതോടെ എതിര്‍ സ്ഥാനാര്‍ത്ഥിയുടെ ബന്ധു മാപ്പുപറയുകയായിരുന്നു. ഇയാളെ തടഞ്ഞ് നിര്‍ത്തി മാപ്പുപറയുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
അതേസമയം പ്രചാരണം മുന്നോട്ട് പോകുമ്പോള്‍ ചിലര്‍ ഇത്തരം പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് സിപിഎം സ്ഥാനാര്‍ത്ഥി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടിയാണ് കക്കറ വാര്‍ഡിലാണ് ഇതെന്നും സിപിഎം സ്ഥാനാര്‍ത്ഥി ആരോപിക്കുന്നു. സാഹോദര്യം സൂക്ഷിക്കുന്നതിനും മതേതരത്വം സംരക്ഷിക്കുന്നതിനും ഇത്തരം പ്രചാരണങ്ങളെ തള്ളണമെന്നും സിപിഎം സ്ഥാനാര്‍ത്ഥി പറയുന്നു. മുന്‍ വര്‍ഷങ്ങളിലും ഇതേ വാര്‍ഡില്‍ നിന്ന് ജയിച്ച വ്യക്തി കൂടിയാണ് സിപിഐഎം സ്ഥാനാര്‍ത്ഥി അറുമുഖന്‍.