പൂന്തുറ സിറാജിന് തിരിച്ചടി; സീറ്റ് നല്‍കില്ലെന്ന് എല്‍.ഡി.എഫ്; പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഐ.എന്‍.എല്ലിന് നിര്‍ദേശം

0
193

തിരുവനന്തപുരം: പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിന്നും മല്‍സരിക്കാന്‍ തീരുമാനിച്ച പൂന്തുറ സിറാജിന്റെ നീക്കത്തിന് തിരിച്ചടി. തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് പാര്‍ട്ടി മാറി വന്നതിനാല്‍ സ്ഥാനാര്‍ഥിത്വം അംഗീകരിക്കാനാവില്ലന്ന എല്‍.ഡി.എഫ് നിലപാടാണ് പൂന്തുറ സിറാജിന് തിരിച്ചടിയായത്.

പൂന്തുറ സിറാജിന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ലെന്നും പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തണമെന്നും ഐ.എന്‍.എല്ലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

25 വര്‍ഷമായി പി.ഡി.പിക്കൊപ്പമായിരുന്ന സിറാജ് ശനിയാഴ്ചയാണ് പാര്‍ട്ടി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്നത്. അംഗത്വം ഏറ്റുവാങ്ങിയ ആ നിമിഷം തന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കോര്‍പ്പറേഷനില്‍ ഐ.എന്‍.എല്ലിനുള്ള ഏക സീറ്റായ മാണിക്യവിളാകത്ത് സിറാജിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു ഐ.എന്‍.എല്ലിന്റെ തീരുമാനം. എന്നാല്‍ തെരഞ്ഞടുപ്പിന് തൊട്ടുമുന്‍പ് സീറ്റ് മോഹിച്ചെത്തിയ സിറാജിനെ അംഗീകരിക്കാനാവില്ലന്നും മറ്റൊരാളെ കണ്ടെത്തി ഉടന്‍ നിര്‍ദേശിക്കാനും എല്‍.ഡി.എഫ് നിര്‍ദേശിച്ചു.

പൂന്തുറ സിറാജ് പി.ഡി.പി വിട്ട് ഐ.എന്‍.എല്ലില്‍ ചേര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദ്നി രംഗത്തെത്തിയിരുന്നു.

ഭാരമേല്പിക്കുന്നത് അല്ലാഹുവിനെയാണെങ്കില്‍ ഒരിക്കലും ദുഃഖിക്കേണ്ടി വരില്ല എന്നെഴുതിയ പോസ്റ്റില്‍ ഒരു തൂവല്‍ നഷ്ടപ്പെട്ടു എന്ന് കരുതി ഒരു പക്ഷിയും പറക്കാതിരുന്നിട്ടില്ലെന്നും, അതുപോലെ ഒരു പരാജയമോ നഷ്ടമോ നമ്മളെ തളര്‍ത്താതിരിക്കട്ടെ എന്നും അദ്ദേഹം കുറിച്ചിരുന്നു.

പാര്‍ട്ടി വിട്ടതിന് പിന്നാലെ പൂന്തുറ സിറാജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പി.ഡി.പി സംസ്ഥാന നേതൃത്വം അറിയിച്ചിരുന്നു. സംഘടനാ പ്രവര്‍ത്തന രംഗത്ത് നിര്‍ജ്ജീവമായിരിക്കുകയും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതായി ഔദ്യോഗിക വിവരം ലഭിച്ച സാഹചര്യത്തിലുമായിരുന്നു പുറത്താക്കല്‍ നടപടി.

പി.ഡി.പിയുടെ വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന സിറാജിന് 2019 ഡിസംബറില്‍ നടന്ന സംഘടന തെരഞ്ഞെടുപ്പില്‍ പ്രാധാന്യം ലഭിച്ചിരുന്നില്ല. താഴേതട്ടില്‍ നിന്നും സിറാജിന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്നും സംസ്ഥാന വൈസ് പ്രസിഡന്റായി അദ്ദേഹത്തെ പിന്നീട് നോമിനേറ്റ് ചെയ്യുകയായിരുന്നുവെന്നും പി.ഡി.പി സംസ്ഥാന നേതൃത്വം ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ സ്ഥാനമേറ്റെടുക്കാതെ പൂന്തുറ സിറാജ് വിട്ടുനില്‍ക്കുകയായിരുന്നുവെന്നും പി.ഡി.പി നേതൃത്വം പറഞ്ഞു.

കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പ് വേളയില്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെടാതെ വരികയും പൗരത്വ പ്രക്ഷോഭത്തിലും മഅ്ദനിയുടെ നീതിക്ക് വേണ്ടി നടന്ന പ്രതിഷേധങ്ങളില്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി പരിപാടികളിലും സംഘടനാ പ്രവര്‍ത്തനങ്ങളിലും
പൂന്തുറ സിറാജ് സഹകരിച്ചില്ലെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.

25 വര്‍ഷത്തോളമായുള്ള സംഘടനാബന്ധം ഉപേക്ഷിച്ച് കേവലം ഒരു കോര്‍പ്പറേഷന്‍ സീറ്റിന് വേണ്ടി മറ്റൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാനുള്ള തീരുമാനം രാഷ്ട്രീയ ധാര്‍മീകതക്ക് നിരക്കാത്തതും വഞ്ചനയുമാണെന്നും പാര്‍ട്ടി കേന്ദ്രകമ്മിറ്റി പത്രകുറിപ്പില്‍ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here