വെല്ലിങ്ടണ്‍: വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ വിവാഹിതയാവുന്നു. വര്‍ഷങ്ങളായി ഒന്നിച്ചുകഴിയുന്ന ടെലിവിഷന്‍ അവതാരകനും നാല്‍പ്പത്തിനാലുകാരനുമായ ക്ലാര്‍ക് ഗേഫോഡുമായാണ് വിവാഹിതയാവുന്നത്.
ഇരുവര്‍ക്കും രണ്ട് വയസായ മകളുണ്ട്. എന്നാല്‍ വിവാഹം ഇതുവരെ ഔദ്യോഗികമായി നടത്തിയിട്ടില്ല.
ന്യൂ പ്ലിമൗത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. വിവാഹം നടത്തുന്നത് സംബന്ധിച്ച് കുടുംബവുമായും സുഹൃത്തുക്കളുമായും ആലോചിക്കേണ്ടതുണ്ടെന്നും ജസീന്ത പറഞ്ഞു. വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് പ്രതികരിച്ചെങ്കിലും തീയതി പ്രഖ്യാപിച്ചിട്ടില്ല.
പ്രധാനമന്ത്രിയായിരിക്കെയാണ് ജസീന്ത പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. അധികാരത്തിലിരിക്കേ പ്രസവിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസീന്ത. ആദ്യത്തേത് മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയാണ്. ജസീന്ത ന്യൂസിലന്‍ഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ്.
കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ തന്റെ ലേബര്‍ പാര്‍ട്ടിക്ക് വന്‍ നേട്ടമുണ്ടാവുകയും വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്യുകയായിരുന്നു.