ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന പരസ്യം,   ജുവലറി ബ്രാൻഡ് തനിഷ്കിനെതിരെ വീണ്ടും പ്രതിഷേധം

0
193

ബംഗളൂരു: ലൗ ജിഹാദിനെ പ്രോത്സാഹിപ്പിച്ച് പരസ്യം നൽകിയെന്ന ആരോപണത്തെ തുടർന്ന് വിവാദത്തിലായ ജുവലറി ബ്രാൻഡ് തനിഷ്കിനെതിരെ വീണ്ടും പ്രതിഷേധം. ദീപാവലി ആഘോഷങ്ങൾക്കായി പടക്കം ഉപയോഗിക്കരുതെന്ന സന്ദേശം നൽകുന്ന ജുവലറിയുടെ പുതിയ പരസ്യമാണ് ഇപ്പോൾ വിവാദത്തിലായിരിക്കുന്നത്. പരസ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നു.

നീന ഗുപ്ത, സയാനി ഗുപ്ത, ആലയ, നിമ്രത് കൗർ എന്നിവരഭിനയിച്ച പരസ്യത്തിലാണ് ദീപാവലി ആഘോഷങ്ങളിൽ പടക്കങ്ങൾ ഒഴിവാക്കുന്ന കാര്യം പറയുന്നത്. കുടുംബത്തിനൊപ്പം വീടുകളിൽ ദീപാവലി ആഘോഷിക്കണമെന്നും പരസ്യത്തിൽ പറയുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ ഉപഭോക്താക്കളെ ധ്രുവീകരിക്കുകയാണ് പരസ്യമെന്നാണ് വിമർശകർ പറയുന്നത്.

“നമ്മുടെ ഉത്സവം എങ്ങനെ ആഘോഷിക്കാമെന്ന് ആരെങ്കിലും ഹിന്ദുക്കളെ ഉപദേശിക്കേണ്ടത് എന്തുകൊണ്ടാണ്? കമ്പനികൾ അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.അല്ലാതെ പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാൻ ഞങ്ങളെ ഉപദേശിക്കരുത്. ഞങ്ങൾ വിളക്കുകൾ കത്തിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും.” ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി ട്വീറ്റ് ചെയ്‌തു.

തനിഷ്ക നേരത്തെ പുറത്തിറക്കിയ ‘ഏകത്വം’ എന്ന് ആഭരണ ശേഖരത്തിന്റെ ആദ്യ പരസ്യം വലിയ വിവാദമായിരുന്നു. രണ്ട് സമുദായത്തിൽ നിന്നുള്ളവരുടെ വിവാഹം പ്രോത്സാഹപ്പിച്ചു കൊണ്ടുള്ള പരസ്യത്തിനെതിരെ വിമർശനം ശക്തമായതിന് പിന്നാലെ ജുവലറി പരസ്യം പിൻവലിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here