തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ ഭരണസമിതികളുടെ കാലാവധി ഇന്ന് അവസാനിക്കും. നാളെ മുതല്‍ സര്‍ക്കാര്‍ നിശ്ചയിച്ച ഉദ്യോഗസ്ഥരുടെ സമിതികള്‍ക്കായിരിക്കും ഭരണം. പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതുവരെ അവര്‍ ഭരിക്കും. ദൈനംദിന കാര്യങ്ങളും മറ്റ് അത്യാവശ്യ കാര്യങ്ങളും മാത്രം നടത്താനേ ഇവര്‍ക്ക് അധികാരമുള്ളൂ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും നിര്‍വഹിക്കേണ്ടിവരും.
ക്രിസ്മസിനുമുമ്പ് പുതിയ സമിതികള്‍ അധികാരമേല്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്. 2010ല്‍ വോട്ടര്‍പ്പട്ടികയെ സംബന്ധിച്ചും 2015ല്‍ വാര്‍ഡുവിഭജനം സംബന്ധിച്ചുമുണ്ടായ കേസുകള്‍ തിരഞ്ഞെടുപ്പ് വൈകിച്ചിരുന്നു. രണ്ടുഘട്ടങ്ങളിലും പുതിയ ഭരണസമിതികള്‍ വൈകിയതിനാല്‍ ഉദ്യോഗസ്ഥര്‍ക്കായിരുന്നു നിശ്ചിതദിവസത്തേക്കു ഭരണം.
ഉദ്യോഗസ്ഥ ഭരണസമിതി
ജില്ലാ പഞ്ചായത്ത്: കളക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്‌ട് ഡയറക്ടര്‍.
ബ്ലോക്ക് പഞ്ചായത്ത്: സെക്രട്ടറി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍.
ഗ്രാമപ്പഞ്ചായത്ത്: സെക്രട്ടറി, അസിസ്റ്റന്റ് എന്‍ജിനിയര്‍, കൃഷി ഓഫിസര്‍.
കോര്‍പറേഷന്‍: കളക്ടര്‍, കോര്‍പറേഷന്‍ സെക്രട്ടറി, എന്‍ജിനിയര്‍.
നഗരസഭ: കൗണ്‍സില്‍ സെക്രട്ടറി, എന്‍ജിനിയര്‍, സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍.