തദ്ദേശ തിരഞ്ഞെടുപ്പ്‌: നാളെ കളം തെളിയും, ഒരുങ്ങി മുന്നണികൾ

0
513

തിരുവനന്തപുരം: കടിഞ്ഞാണില്ലാത്ത പ്രതീക്ഷയും കളംപിടിക്കാനുള്ള തന്ത്രങ്ങളുമായി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനിറങ്ങുകയാണ് മുന്നണികൾ. അവകാശവാദങ്ങളെക്കാൾ കേസന്വേഷണങ്ങൾ രാഷ്ട്രീയച്ചൂടുപകരുന്ന അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളത്.

എന്നാൽ, പരിചിത മുഖവും ജനകീയ ഇടപെടലും വിധിനിർണയത്തിന് പ്രധാനഘടകമാകുമെന്ന് മുന്നണിനേതാക്കൾക്കറിയാം. അത്തരക്കാരെ രംഗത്തിറക്കിയാണ് എൽ.ഡി.എഫ്., യു.ഡി.എഫ്., എൻ.ഡി.എ. സഖ്യങ്ങളുടെ പോരാട്ടം. ചൊവ്വാഴ്ചയോടെ സ്ഥാനാർഥിനിർണയം പൂർത്തിയാക്കാനാണ് മൂന്നുമുന്നണികളുടെയും തീരുമാനം.

ഇടതുമുന്നണി

ഭൂരിഭാഗം വാർഡുകളിലും സ്ഥാനാർഥികളെ നിശ്ചയിച്ചതിന്റെ ആത്മവിശ്വാസം ഇടതുമുന്നണിക്കുണ്ട്. ചൊവ്വാഴ്ച മുന്നണിയോഗത്തിൽ പ്രകടനപത്രികയ്ക്ക് അംഗീകാരം നൽകും. ഇതിനായി നിശ്ചയിച്ച ഉപസമിതി ആശയവിനിമയത്തിലൂടെയാണ് കരടുരൂപം തയ്യാറാക്കുന്നത്. പ്രാദേശിക പ്രകടനപത്രിക വേറെയുമുണ്ടാകും. വർഗീയതയ്ക്ക് എതിരേയും വികസനം ഉയർത്തിപ്പിടിച്ചുമുള്ള തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരിക്കും എൽ.ഡി.എഫ്. പ്രഖ്യാപിക്കുക. പ്രചാരണത്തിന്റെ ചുമതല പ്രാദേശിക ഘടകങ്ങൾക്കാണ്. പൊതുനിർദേശം സംസ്ഥാനതലത്തിൽ നൽകും. വെർച്വൽ റാലിയും വാട്‌സാപ്പ് കുടുംബ യോഗങ്ങളുമെല്ലാം ആസൂത്രണം ചെയ്തുകഴിഞ്ഞു.

യു.ഡി.എഫ്.

അലോസരങ്ങളും ആശയക്കുഴപ്പങ്ങളുമില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനായതാണ് യു.ഡി.എഫിന്റെ നേട്ടം. രണ്ടുദിവസത്തിനുള്ളിൽ മുഴുവൻസ്ഥാനാർഥികളെയും നിശ്ചയിക്കും. എല്ലാജില്ലകളിലും മുതിർന്ന നേതാക്കൾ പങ്കെടുത്തുള്ള യോഗങ്ങൾ ഏതാണ്ട് പൂർത്തിയായി. അവകാശവാദങ്ങളുമായി എത്തിയ പ്രാദേശികനേതാക്കൾക്ക് ഇത്തവണ കാര്യമായി യു.ഡി.എഫ്. അവസരം നൽകിയിട്ടില്ല. സംസ്ഥാന-പ്രാദേശികതല പ്രകടനപത്രികകളാണ് യു.ഡി.എഫും തയ്യാറാക്കുന്നത്. സംസ്ഥാനതലത്തിൽ സി.പി.ജോണിന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ പ്രകടനപത്രികയ്ക്ക് അടുത്തദിവസം അംഗീകാരം നൽകും. ഓരോ ഘടകകക്ഷിയും പ്രത്യേകമായി സാമൂഹികമാധ്യമ കൂട്ടായ്മകളുണ്ടാക്കിയിട്ടുണ്ട്. ഇതിലെ ഇടപെടൽ കരുതലോടെ വേണമെന്നാണ് നിർദേശം.

എൻ.ഡി.എ.

എൻ.ഡി.എ. മുന്നണിയിൽ കണക്കും കണക്കുകൂട്ടലും ബി.ജെ.പി.ക്കാണ്. അവർക്ക് ലഭിക്കുന്ന വോട്ട് ഇടത്-വലത് മുന്നണികൾ മാത്രമല്ല, ബി.ജെ.പി. തന്നെയും ശ്രദ്ധയോടെ നോക്കുന്നുണ്ട്. രാഷ്ട്രീയബലാബലത്തിൽ ബി.ജെ.പി.യും ശക്തിയാണെന്ന് ബോധ്യപ്പെടുത്താനുള്ളതാണ് ഓരോ വോട്ടും. മത്സരം താമരചിഹ്നത്തിൽ മാത്രമാകണമെന്ന നിർദേശം വോട്ടുകണക്ക് പാർട്ടിക്കണക്കിൽ ഉറപ്പാക്കാനാണ്. തലസ്ഥാന കോർപ്പറേഷൻ പിടിക്കുക, മറ്റ് തദ്ദേശവാർഡുകളിൽ പരമാവധി എണ്ണം പിടിക്കുക എന്നതാണ് ലക്ഷ്യം. പ്രാദേശിക വിഷയങ്ങൾ അടിസ്ഥാനമാക്കി പ്രകടനപത്രിക തയ്യാറാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ സ്ഥാനാർഥിനിർണയം പൂർത്തിയാക്കി. പത്രികനൽകേണ്ട ആദ്യദിവസത്തിനകം എല്ലാസ്ഥാനാർഥികളെയും നിശ്ചയിക്കണമെന്നാണ് പ്രാദേശികഘടകങ്ങൾക്ക് ബി.ജെ.പി. നൽകിയ നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here