തിരുവനന്തപുരം : സിനിമാ താരങ്ങളെ അനുകരിച്ച് സ്റ്റീൽ മോതിരങ്ങൾ വാങ്ങി വിരലുകളിൽ അണിയുന്ന ഫ്രീക്കൻമാരെ കാരണം പണികിട്ടിയിരിക്കുന്നത് ഫയർ ഫോഴ്‌സിനാണ്. ചൈനീസ് മോതിരങ്ങൾ വിരലുകളിൽ കുടുങ്ങുന്നതോടെ ഫ്രീക്കൻമാർ കരച്ചിലിലാവും. രക്തയോട്ടം കുറഞ്ഞ് നീരുവന്ന് വീർത്ത വിരലുകളിൽ നിന്നും മോതിരം അറുത്തെടുക്കാൻ ആശുപത്രികൾ പോലും ഫയർ ഫോഴ്സിനെ സമീപിക്കുവാനാണ് യുവാക്കളോട് പറയുന്നത്.
ഏറെ സമയമെടുത്ത് അരംകൊണ്ട് രാകിമുറിച്ചാണ് അഗ്നി രക്ഷാ സേന സ്റ്റീൽ മോതിരങ്ങൾ വിരലിൽ നിന്നും പുറത്തെടുത്ത് യുവാക്കളെ രക്ഷിക്കുന്നത്. എന്നാൽ നീരുവന്ന് വിരലുകൾ വീർത്താൽ ഈ വിദ്യ ഫലിക്കണമെന്നില്ല. വർഷങ്ങളുപയോഗിച്ചാലും കേടുവരാത്ത സ്‌റ്റെയിൻലസ് സ്റ്റീൽ മോതിരങ്ങൾ ധരിച്ചവർ ഏറെ നാളുകൾ കഴിയുമ്പോഴാണ് ബുദ്ധിമുട്ടിലാവുന്നത്. മലയാളി യുവാക്കൾക്കൊപ്പം അന്യസംസ്ഥാന തൊഴിലാളികളും ചൈനീസ് മോതിരം ധരിച്ച് ഫ്രീക്കൻമാരാവുന്നുണ്ട്. ഇത്തരക്കാരോട് പറയുവാനുള്ളത് ഒന്നുമാത്രം, അടുത്തുള്ള ഫയർ ഫോഴ്സ് ഓഫീസ് അറിഞ്ഞുവച്ചോളൂ…