ബിഹാര്‍ ആര്‍ക്കൊപ്പമെന്ന് പ്രവചിക്കാനാകാതെ മാറിമറിഞ്ഞ് ലീഡ് നില

0
177

ബിഹാർ അസംബ്ലി തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ജനതാദളും എന്‍ഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. വോട്ടെണ്ണൽ ഒരുമണിക്കൂർ പിന്നിട്ടപ്പോൾ തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മഹാസഖ്യം 125 സീറ്റുകളിൽ മുന്നിലാണ്. നിലവിലെ ഭരണകക്ഷിയായ എൻ.ഡി.എ 110 സീറ്റുകളിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്. സി.പി.ഐ എം.എല്ലിന് 8 സീറ്റുകളിൽ ലീഡുണ്ട്.

മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ്, തേജസ്വിയുടെ ജ്യേഷ്ഠ സഹോദരനും ആർ.ജെ.ഡി സ്ഥാനാർത്ഥിയുമായ തേജ് പ്രതാപ് യാദവ്, മുൻമുഖ്യമന്ത്രി ജിതൻ റാം മഞ്ചി തുടങ്ങിയവർ ലീഡ് ചെയ്യുകയാണ്. അതേസമയം, മൂന്നാം മുന്നണിക്ക് നേതൃത്വം നൽകിയ പപ്പു യാദവ്, ബി.ജെ.പിയുടെ നന്ദ് കിഷോർ യാദവ് എന്നിവർ പിറകിലാണ്.

243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. കോവിഡ് 19 മഹാമാരിക്കിടെ രാജ്യത്ത് ഇതാദ്യമായി നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിൽ 57 ശതമാനമാളുകൾ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തുടർച്ചയായി നാലാം തവണ മുഖ്യമന്ത്രിപദം ലക്ഷ്യമിടുന്ന ജെ.ഡി.യു തലവൻ നിതീഷ് കുമാർ എൻ.ഡി.എയുടെയും മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് മഹാസഖ്യത്തിന്റെയും മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണ്.

നവംബർ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്സിറ്റ്പോൾ ഫലങ്ങൾ മഹാസഖ്യം അധികാരത്തിലെത്തുമെന്നാണ് പ്രവചിക്കുന്നത്. ടൈംസ് നൗ സി വോട്ടർ എക്സിറ്റ് പോൾ മഹാസഖ്യത്തിന് 120 സീറ്റും എൻ.ഡി.എക്ക് 116 സീറ്റും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ ആക്സിസ്: മഹാസഖ്യം 150, എൻ.ഡി.എ 80, റിപ്പബ്ലിക് ജൻകി ബാത് മഹാസഖ്യം 128, എൻ.ഡി.എ 104, ടുഡേസ് ചാണക്യ മഹാസഖ്യം 180, എൻ.ഡി.എ 55 എന്നിങ്ങനെയാണ് മറ്റ് ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here