ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ രണ്ട് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ ഒരേ വാര്‍ഡില്‍ മത്സരിക്കുന്നു. ഏവരെയും അമ്പരപ്പിച്ചൊരു രാഷ്ട്രീയ തീരുമാനമായിരുന്നു മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ കമ്മറ്റിയുടേത്. പെരിന്തല്‍മണ്ണ നഗരസഭയിലെ അഞ്ചാം വാര്‍ഡിലാണ് ഇങ്ങനെയാരു കൗതുകകരമായ പോരാട്ടം നടക്കുന്നത്. ഈ തീരുമാനത്തിന് പിന്നിലെ കഥ പറയുകയാണ് മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി കെ.എം ഗഫൂര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ.
ആ കുറിപ്പ് വായിക്കാം….
പെരിന്തൽമണ്ണ മുനിസിപാലിറ്റിയിലെ ഒരു വാർഡിൽ മുസ്‌ലിം ലീഗിനു രണ്ട് സ്ഥാനാർത്ഥികൾ എന്ന വാർത്ത വായിക്കുന്നവർക്ക് ഈ തീരുമാനത്തിനു കാരണമായ സാഹചര്യം മനസ്സിലാക്കാനാണു ഈ കുറിപ്പ്.
പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ അഞ്ചാം വാർഡ് വനിതാ സംവരണമാണു.രണ്ട് സ്ഥാനാർത്ഥികളെ മുസ്‌ലിം ലീഗ് പ്രവർത്തകർ നിർദ്ദേശിച്ചു.
രണ്ട് പേരെയും പിന്തുണക്കുന്ന പ്രവർത്തകർ സ്വാഭാവികമായും രണ്ട് വിഭാഗമായി.മുനിസിപൽ /നിയോജക മണ്ഢലം തലങ്ങളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന സമിതികൾ നിരവധി തവണ ശ്രമിച്ചിട്ടും സമവായത്തിലെത്താനായില്ല.വിഷയം ജില്ലാ കമ്മറ്റിയുടെ പരിഗണക്ക് വന്നു.
ജില്ലാ പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഈ മേഖലയിലെ ജനഹിതം പരിശോധിക്കാനായി ചില സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി.അദ്ദേഹത്തിന്റെ അന്വേഷണത്തിൽ ഈ വാർഡിൽ രണ്ട് പേർക്കുമൊപ്പം മുസ്‌ലിം ലീഗ് പ്രവർത്തകർ ഉണ്ടെന്ന് മനസ്സിലായി.
അവസാനം ജനങ്ങൾ തീരുമാനിക്കട്ടെ എന്ന തീർപ്പിലെത്തി.ഒരാളെ പിൻവലിച്ച് മറ്റൊരാളെ സ്ഥാനാർത്ഥി ആക്കിയാൽ അത് പ്രവർത്തകരിൽ ഉണ്ടാക്കാനിടയുള്ള മാനസികമായ വിഷമം തിരിച്ചറിഞ്ഞ്,രണ്ട് പേർക്കും സ്വതന്ത്രരായി മത്സരിക്കാൻ അനുവാദം നൽകി. ജയിച്ച് വരുന്നവരെയും തോൽക്കുന്നവരെയും പാർട്ടി സ്വീകരിക്കും എന്ന നിലപാടും സ്വീകരിച്ചു.അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒരു തീരുമാനമാണിത്.
മുൻ കാലങ്ങളിലും ഇത്തരം തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്.അന്ന് സോഷ്യൽ മീഡിയ ഇത്ര പ്രചാരത്തിൽ ഇല്ലാത്തതിനാൽ അതൊരു വാർത്തയായില്ല.ഇത് പ്രവർത്തകരെ ഉൾകൊണ്ടു കൊണ്ടുള്ള ഒരു സംഘടനാ തീരുമാനമാണു.ഉയർന്ന ജനാധിപത്യ ബോധം വെളിവാക്കുന്ന ഒന്ന്.തീരുമാനങ്ങൾ അടിച്ചേൽപ്പിച്ച് സാധാരണ പ്രവർത്തകരുടെ താൽപര്യങ്ങളെ മുഖവിലക്കെടുക്കാതെ അവരെ വിഷമിപ്പിക്കുന്ന ഒന്നല്ല.
ഇനി അവർക്ക് തീരുമാനിക്കാം.
പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് അഞ്ചില്‍ മുസ്ലീംലീഗിന്‍റെ പ്രതിനിധികളായി നോമിനേഷന്‍ നല്‍കിയിട്ടുള്ള പച്ചീരി ഹുസൈന,പട്ടാണി സറീന എന്നീ രണ്ട് പേര്‍ക്കും മത്സരിക്കുന്നതിനാണ് അനുവാദം നല്‍കിയിരിക്കുന്നത്. പെരിന്തല്‍മണ്ണ മുനിസിപ്പല്‍ കമ്മിറ്റിക്ക് കത്തെഴുതിയത് ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളായിരുന്നു. അതേസമയം പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ കോണി ആര്‍ക്കും കൊടുത്തിട്ടില്ല.