ഐ.പി.എല്‍. പതിമൂന്നാം സീസണിലെ എമര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മലയാളി താരം ദേവദത്ത് പടിക്കലിനായിരുന്നു. അരങ്ങേറ്റ സീസണില്‍ തന്നെ നടത്തിയ മിന്നും പ്രകടനം ദേവ്ദത്തിനെ മലയാളികളുടെ അഭിമാനതാരമാക്കി. ഇപ്പോഴിതാ ഐ.പി.എല്ലില്‍ തന്നെ ഏറ്റവും അധികം ബുദ്ധിമുട്ടിച്ച ബോളര്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ദേവ്ദത്ത്.
അഫ്ഗാന്‍ ബോളര്‍ റാഷിദ് ഖാന്റെ ബോളുകള്‍ മുന്നിലാണ് ബാംഗ്ലൂരിന്റെ ചുണക്കുട്ടി വിയര്‍ത്തത്. ‘സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം റാഷിദ്ഖാനാണ് ഈ സീസണില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബോളര്‍. വളരെയധികം പ്രയാസമാണ് റാഷിദിനെതിരേ കളിക്കാന്‍. മികച്ച വേഗത്തിനൊപ്പം പന്ത് ടേണ്‍ ചെയ്യുകയും ചെയ്യുന്നതാണ് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്. എളുപ്പമല്ല പന്തുകള്‍ നേരിടാന്‍. റാഷിദിന്റെ പന്തുകള്‍ നേരിടുമ്പോള്‍ ഞാനിതുവരെ നേരിടാത്ത പന്തുകളുടെ അനുഭവമാണ് ഉണ്ടായത്’ ദേവ്ദത്ത് പറഞ്ഞു.
ഐ.പി.എല്ലില്‍ കോഹ്ലിയും എബിഡിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ വളരെയധികം പിന്തുണ നല്‍കിയെന്നും ദേവ്ദത്ത് പറഞ്ഞു. മുംബൈക്കെതിരേ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ എബിഡി അഭിനന്ദിച്ച് സന്ദേശമയച്ചു. യുവതാരങ്ങള്‍ക്ക് മാതൃകയാണ് കോഹ്‌ലി. ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു. അവരോടൊപ്പമുള്ള മൂന്ന് മാസക്കാലം വളരെയധികം ആസ്വദിച്ചെന്നും ദേവ്ദത്ത് പറഞ്ഞു.
ഐ.പി.എല്ലില്‍ ബാംഗ്ലൂരിന്റെ ഓപ്പണര്‍ ബാറ്റ്‌സ്മാനായിരുന്നു ദേവ്ദത്ത്. അരങ്ങേറ്റ സീസണില്‍ തന്നെ ദേവദത്ത് 15 ഇന്നിംഗ്സില്‍ നിന്ന് അഞ്ച് അര്‍ദ്ധ സെഞ്ച്വറികളടക്കം 473 റണ്‍സാണ് അടിച്ചെടുത്തത്.