ഉദ്ധവ്, നിങ്ങള്‍ പരാജയപ്പെട്ടു, ശരിക്കുള്ള കളി തുടങ്ങുകയാണ്: മഹാരാഷ്ട്ര മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അര്‍ണബ് ഗോസ്വാമി

0
201

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി.  ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി മുംബൈ പൊലീസ് അറസ്റ്റ് ചെയ്ത അര്‍ണബിന് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ചത്. പുറത്തു വന്നതിന് പിന്നാലെ റിപബ്ലിക് ടിവി സ്റ്റുഡിയോയില്‍ വെച്ചായിരുന്നു അര്‍ണബിന്‍റെ ഭീഷണി.

‘ഉദ്ധവ് താക്കറെ, ഞാന്‍ പറയുന്നത് കേള്‍ക്കൂ. നിങ്ങള്‍ പരാജയപ്പെട്ടു. നിങ്ങളെ പരാജയപ്പെടുത്തി. ഒരു പഴയ കള്ളക്കേസില്‍ നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തു. എന്നോട് ക്ഷമ ചോദിക്കുക പോലും ചെയ്തില്ല. ശരിക്കുള്ള ഗെയിം തുടങ്ങിയിട്ടേയുള്ളൂ’– അര്‍ണബ് പറഞ്ഞു.

താന്‍ ജയിലില്‍ ഇരുന്നും ചാനലുകള്‍ ലോഞ്ച് ചെയ്യും. നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല. റിപബ്ലിക് ടിവിയെ തകര്‍ക്കാനുള്ള എല്ലാ ശ്രമവും ചെറുക്കും. ചാനലിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും. എല്ലാ ഭാഷയിലും ചാനല്‍ സംപ്രേഷണം ചെയ്യുമെന്നും അര്‍ണബ് ഉദ്ധവിനോട് പറഞ്ഞു. തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയ സഹപ്രവര്‍ത്തകരോടുള്ള നന്ദിയും അര്‍ണബ് പറഞ്ഞു.

വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ജാമ്യം ഇന്നലെ അര്‍ണബിന് ജാമ്യം അനുവദിച്ചത്. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റേതടക്കം പലരുടെയും കാര്യത്തിൽ സുപ്രീംകോടതി ഇങ്ങനെയല്ല പെരുമാറുന്നതെന്ന് മഹാരാഷ്ട്ര സർക്കാറിന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു.

പണം നൽകാത്തതിന്റെ പേരിൽ പണം തരാനുള്ളയാൾക്കെതിരെ എങ്ങനെയാണ് കുറ്റം നിലനിൽക്കുകയെന്നും കോടതി ആരാഞ്ഞു. ഇത്തരമൊരു കേസിൽ ജാമ്യം നിഷേധിക്കുന്നത് ശരിയല്ല. മുംബൈ ഹൈക്കോടതിയുടെ ഭാഗത്ത് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് റിപബ്ലിക് ടിവി മേധാവി അ൪ണബ് ഗോസ്വാമിക്കും പ്രതികളായ മറ്റ് രണ്ട് പേ൪ക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

സിദ്ദിഖ് കാപ്പന്റെ ഹരജി കീഴ്ക്കോടതിയിലേക്ക് വിടുകയും പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് നീട്ടിവെക്കുകയും ചെയ്ത സുപ്രീംകോടതി നടപടി മഹാരാഷ്ട്ര സ൪ക്കാറിന് വേണ്ടി ഹാജരായ കപിൽ സിബൽ വാദം കേൾക്കലിനിടെ കോടതിയിൽ ഉന്നയിച്ചു. ദീപാവലി അവധി മാറ്റിവെച്ചാണ് ഗോസ്വാമിയുടെ ഹരജി കോടതി അടിയന്തിരമായി പരിഗണിച്ചത്. അമ്പതിനായിരം രൂപ ജാമ്യത്തുക കെട്ടിവെക്കണം. രാത്രിയോടെ അര്‍ണബ് ജയില്‍മോചിതനായി.

LEAVE A REPLY

Please enter your comment!
Please enter your name here