2021 ല്‍ ലോകത്ത് അഞ്ചാം പനി പൊട്ടിപ്പുറപ്പെടാന്‍ സാധ്യത, കനത്ത ജാഗ്രത പാലിക്കണമെന്ന് പഠനറിപ്പോര്‍ട്ട്

0
186

സിഡ്‌നി: ലോകത്ത് കൊവിഡിന് ശേഷം അഞ്ചാംപനി പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയെന്ന് പഠനം. മെഡിക്കല്‍ ജേര്‍ണലായ ദി ലാന്റ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍.

ഓസ്‌ട്രേലിയയിലെ മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ കിം മള്‍ഹോളണ്ടിന്റെ നേതൃത്വത്തിലാണ് പഠനം സംഘടിപ്പിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ അഞ്ചാംപനിയ്ക്ക് നല്‍കിയിരുന്ന വാക്‌സിന്‍ ഇത്തവണ കാര്യക്ഷമമായി നടന്നിട്ടില്ല. പലരും ആശുപത്രിയില്‍ പോകാന്‍ ഭയപ്പെട്ടിരുന്ന കാലമായിരുന്നു. ഇതുകാരണം നിരവധി കുഞ്ഞുങ്ങളില്‍ പ്രതിരോധ കുത്തിവെയ്പ്പ് നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനാല്‍ 2021 ന്റെ തുടക്കത്തില്‍ തന്നെ ലോകത്ത് കുട്ടികള്‍ക്കിടയില്‍ അഞ്ചാം പനി രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇത് തടയാന്‍ രാജ്യാന്തര സഹകരണം ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

വരും വര്‍ഷങ്ങളില്‍ അഞ്ചാംപനി പരത്തുന്ന വൈറസുകള്‍ കുട്ടികളില്‍ വ്യാപകമാകും. കൊവിഡിനെപോലെ മൂക്കിലൂടെയാണ് വൈറസ് ശരീരത്തിലേക്ക് പ്രവേശിക്കുക. ഇതിനെ തടയിടാന്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും ഉറപ്പുവരുത്തേണ്ടത് ലോകരാജ്യങ്ങള്‍ തന്നെയാണ്.

കൊവിഡ് കാലത്ത് കുട്ടികളിലെ പോഷകഹാരക്കുറവ് വര്‍ധിച്ചിട്ടുണ്ട്. ഇത് അഞ്ചാം പനി കൂടുതല്‍ രൂക്ഷമാകാന്‍ കാരണമാകുമെന്നും പഠനത്തില്‍ പറയുന്നു. അഞ്ചാം പനി കാരണമുള്ള മരണങ്ങളും വര്‍ധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here