2021- ല്‍ ടീം ഇന്ത്യ കളിച്ച് മടുക്കും; ഷെഡ്യൂള്‍ പുറത്ത്

0
243

കോവിഡ് സാഹചര്യത്തില്‍ ഈ വര്‍ഷം മത്സരങ്ങള്‍ കുറവായിരുന്ന ടീം ഇന്ത്യ 2021- ല്‍ അതിന്റെ ക്ഷീണം തീര്‍ക്കും. അടുത്ത വര്‍ഷം തുടരെതുടരെ നിരവധി മത്സരങ്ങളാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ടി20 ലോക കപ്പ്, ഏഷ്യാ കപ്പ്, ഐ.പി.എല്‍ അടക്കമുള്ള വമ്പന്‍ ടൂര്‍ണമെന്റുകളും അടുത്ത വര്‍ഷം കാത്തിരിക്കുന്നുണ്ട്.

അടുത്ത വര്‍ഷത്തെ ഇന്ത്യയുടെ ഷെഡ്യൂള്‍ പുറത്തു വന്നിട്ടുണ്ട്. ജനുവരിയില്‍ ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനത്തിനെത്തും. മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ഇംഗ്ലണ്ട് ഇന്ത്യക്കെതിരേ നാലു വീതം ടെസ്റ്റുകളും ഏകദിനങ്ങളും ടി20കളും കളിക്കും. ശേഷം മാര്‍ച്ച് മുതല്‍ മെയ് വരെ ഐ.പി.എല്‍ 14ാം സീസണിലായിരിക്കും താരങ്ങള്‍.

ഐ.പി.എല്ലിനു ശേഷം ജൂണില്‍ ഇന്ത്യ ശ്രീലങ്കയ്ക്കു പറക്കും. മൂന്ന് ഏകദിനങ്ങളും അഞ്ചു ടി20കളുമായിരിക്കും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ശേഷം ശ്രീലങ്ക വേദിയാവുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ കൂടി കളിച്ച ശേഷമായിരിക്കും ഇന്ത്യന്‍ ടീം തിരികെ വരിക. ജൂലൈയില്‍ ഇന്ത്യന്‍ ടീം സിംബാബ്വെയില്‍ പര്യടനം നടത്തും. മൂന്നു ഏകദിനങ്ങളാണ് ഇന്ത്യ അവിടെ കളിക്കുക. ഈ പര്യടനത്തില്‍ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കും.

ജൂലൈ അവസാനത്തോടെ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തും. രണ്ടു മാസം ദൈര്‍ഘ്യമുള്ള പര്യടനത്തില്‍ അഞ്ചു ടെസ്റ്റുകള്‍ ഇന്ത്യ കളിക്കും. ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യന്‍ പര്യടനത്തിനെത്തും. മൂന്നു ഏകദിനങ്ങളും അഞ്ചു ടി20കളുമാണ് അവര്‍ ഇവിടെ കളിക്കുക. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ടി20 ലോക കപ്പ് ഇന്ത്യയില്‍ നടക്കും.

ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡ് ടീം ഇന്ത്യയില്‍ പര്യടനത്തിത്തും. രണ്ടു ടെസ്റ്റുകളും മൂന്ന് ടി20കളുമാണ് ഇരുടീമുകളും കളിക്കുക. നവംബറില്‍ തുടങ്ങുന്ന പരമ്പര ഡിസംബര്‍ മധ്യത്തോടെ അവസാനിക്കും. ഡിസംബര്‍ അവസാനത്തോടെ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തും. മൂന്നു വീതം ടെസ്റ്റുകളും ടി20കളുമാണ് ഇന്ത്യ അവിടെ കളിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here