ഹിന്ദുവും മുസ്ലിമുമായി കാണുന്നില്ല: പങ്കാളിയെ തിരഞ്ഞെടുക്കല്‍ മൗലികാവകാശമെന്ന് ഹൈക്കോടതി

0
182

ലഖ്‌നൗ (www.mediavisionnews.in): പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലിക അവകാശത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഒരു മുസ്ലിം പുരുഷനെതിരെ ഭാര്യയുടെ മാതാപിതാക്കള്‍ നല്‍കിയ കേസ് തള്ളിക്കൊണ്ടാണ് കോടതിയുടെ സുപ്രധാന ഉത്തരവ്‌. വിവാഹത്തിന് മുമ്പായി ഭാര്യ ഇസ്ലാം മതം സ്വീകരിച്ചിരുന്നു. 

‘വ്യക്തിപരമായ ബന്ധത്തില്‍ ഇടപെടുന്നത് വ്യക്തികള്‍ക്ക് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിന് നേരെയുള്ള ഗുരതരമായ കടന്നുകയറ്റമായിരിക്കും.’ രണ്ടംഗ ബെഞ്ച് വിധിന്യായത്തില്‍ നിരീക്ഷിച്ചു. ലൗ ജിഹാദ് സംബന്ധിച്ച് ദേശീയ തലത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ ഈ വിധി പ്രധാനമാണ്.

‘പ്രിയങ്ക ഖര്‍വാറിനേയും സലാമത്ത് അന്‍സാരിയേയും ഹിന്ദുവും മുസ്ലിമും ആയിട്ടല്ല ഞങ്ങള്‍ കാണുന്നത്. സ്വന്തം ഇഷ്ടത്തോടെ സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ അവകാശമുള്ള രണ്ടു മുതിര്‍ന്ന വ്യക്തികളെന്ന നിലയിലാണ് അവരെ കാണുന്നത്. ഒരു വര്‍ഷത്തിലേറെയായി സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം ഉറപ്പുനല്‍കുന്ന ഒരു വ്യക്തിയുടെ ജീവിതവും സ്വാതന്ത്ര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ കോടതികള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശമുണ്ട്‌.’ അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ കുശിനഗര്‍ സ്വദേശിയായ സലാമത്ത് അന്‍സാരി ഒരു വര്‍ഷം മുമ്പാണ് പ്രിയങ്ക ഖന്‍വാറിനെ വിവാഹം ചെയ്തത്. പ്രിയങ്കയുടെ മാതാപിതാക്കള്‍ ഇതിനെ അനുകൂലിച്ചിരുന്നില്ല. വിവാഹത്തിന് മുമ്പായി പ്രിയങ്ക ഇസ്ലാം മതം സ്വീകരിക്കുകയും ആലിയ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. 

വിവാഹത്തിന് പിന്നാലെ പ്രിയങ്കയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ സലാമത്ത് അന്‍സാരിക്കെതിരെ കേസെടുത്തു. തട്ടികൊണ്ടുപോകല്‍, നിര്‍ബന്ധിപ്പിച്ച് വിവാഹം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് സലാമത്തിനെതിരെ ചുമത്തിയിരുന്നത്. മകള്‍ക്ക് വിവാഹസമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന മാതാപിതാക്കളുടെ ആരോപണത്തില്‍ പോക്‌സോ പ്രകാരമായിരുന്നു കേസ്.

തുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സലാമത്ത് അന്‍സാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹത്തെ എതിര്‍ത്തുകൊണ്ട് യു.പി. സര്‍ക്കാറിന്റെയും മാതാപിതാക്കളുടേയും അവകാശവാദങ്ങള്‍ തള്ളി കൊണ്ടാണ് സലാമത്ത് അന്‍സാരിക്കെതിരെയുള്ള കേസ് റദ്ദാക്കാന്‍ ഹൈക്കോടതി വിധിച്ചത്.

ജഡ്ജിമാരായ വിവേക് അഗവര്‍വാള്‍, പങ്കജ് നഖ്‌വി എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക്‌ മുമ്പു വന്ന സമാനമായ കേസുകളിലെ ഉത്തരവുകള്‍ സംബന്ധിച്ചും രണ്ടംഗ ബെഞ്ച് ശക്തമായ നിരീക്ഷണം നടത്തുകയുണ്ടായി.

മിശ്രവിവാഹത്തിന് ശേഷം സംരക്ഷണം ആവശ്യപ്പെട്ട് അഞ്ച് ദമ്പതിമാര്‍ നല്‍കിയ റിട്ട് ഹര്‍ജി തള്ളിയ ഉത്തരവായിരുന്നു അതിലൊന്ന്, മറ്റൊന്ന് സെപ്റ്റംബറില്‍ വിവാഹത്തിന് മൂന്ന് മാസത്തിന് ശേഷം സംരക്ഷണം തേടിയ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇടപെടാന്‍ സിംഗിള്‍ ബെഞ്ച് വിസമ്മതിച്ചതായിരുന്നു മറ്റൊന്ന്. വിവാഹത്തിന് വേണ്ടി മതം മാറുന്നത് സ്വീകാര്യമല്ലെന്നായിരുന്നു സുപ്രീംകോടതിയെ ഉദ്ധരിച്ച് സിംഗിള്‍ ബെഞ്ച് കോടതിയുടെ നിരീക്ഷണം.

ഈ വിധിന്യായങ്ങളിലും പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ പക്വതയുള്ള രണ്ട് വ്യക്തികളുടെ ജീവിതവും സ്വാതന്ത്ര്യവും അല്ലെങ്കില്‍ അവര്‍ ആരുമായാണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിനുള്ള അവകാശവും പരിഗണിച്ചില്ലെന്ന് രണ്ടംഗ ബെഞ്ച് നിരീക്ഷിക്കുകയുണ്ടായി. ഈ രണ്ട് വിധിന്യായങ്ങളിലും നിയമം നടപ്പായില്ലെന്ന് തങ്ങള്‍ കരുതുന്നുവെന്നും കോടതി വ്യക്തമാക്കി.

വിവാഹത്തിന് വേണ്ടിയുള്ള മതപരിവര്‍ത്തനം നിരോധിച്ചിട്ടുണ്ടെന്നും നിയമത്തിന്റെ സംരക്ഷണത്തോടെയല്ല വിവാഹമെന്നും സലാമത്ത് അന്‍സാരി-പ്രിയങ്ക കേസില്‍ യു.പി. സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറയുകയുണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here