കൊച്ചി : (www.mediavisionnews.in)സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങള്‍വഴി കടത്താന്‍ ശ്രമിക്കുന്നതിനിടെ അഞ്ചുവര്‍ഷംകൊണ്ട് കസ്റ്റംസ് പിടിച്ചത് ഒന്നേകാല്‍ ടണ്‍ സ്വര്‍ണം. കോഴിക്കോട്ടുനിന്ന് 591 കിലോയും കൊച്ചിയില്‍നിന്ന് 500 കിലോയും തിരുവനന്തപുരത്തുനിന്ന് 153 കിലോയുമാണു പിടിച്ചെടുത്തത്. വിമാനത്താവളങ്ങളില്‍നിന്നല്ലാതെ 230 കിലോ സ്വര്‍ണവും പിടികൂടിയെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് കസ്റ്റംസും മറ്റ് ഏജന്‍സികളും ചേര്‍ന്ന് പിടിച്ചെടുത്തത് 448 കോടി രൂപയുടെ സ്വര്‍ണക്കടത്താണ്. കോഴിക്കോട് വിമാനത്താവളത്തില്‍ പിടിച്ചെടുത്തത് 591.7 കിലോ സ്വര്‍ണം. മൂല്യം 177.37 കോടി രൂപ. കൊച്ചി വിമാനത്താവളവും ഒട്ടും പിന്നിലല്ല. 500.78 കിലോ സ്വര്‍ണം. മൂല്യം 145.59 കോടി രൂപ. തിരുവനന്തപുരത്ത് പിടിയിലായത് 153.16 കിലോ സ്വര്‍ണം. മൂല്യം 47.99 കോടി രൂപ. രണ്ടുവര്‍ഷം മുന്‍പുമാത്രം പ്രവര്‍ത്തനം തുടങ്ങിയ കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പിടിച്ചത് 51.21 കിലോ സ്വര്‍ണമാണ്.
വിമാനത്താവളങ്ങളില്‍നിന്നല്ലാതെ പിടികൂടിയ 230.43 കിലോകൂടി ചേരുമ്പോള്‍ ആകെ ഒന്നര ടണ്ണിലേറെ സ്വര്‍ണം പിടിയിലായെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ജൂണ്‍വരെയുള്ള കണക്കുകള്‍മാത്രമാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജില്‍നിന്ന് പിടികൂടിയ 30 കിലോ അടക്കം കണക്കുകളിലില്ല.