തിരുവനന്തപുരം: നഗരസഭയിലെ കിണവൂർ, നന്തൻകോട് വാർഡുകളിലാണ് ആരോഗ്യ പ്രവർത്തകർ സ്ഥാനാർത്ഥി വേഷമണിഞ്ഞത്. നാലു വർഷമായി നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യുകയാണ് ഡോ. റീന. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അടക്കം സജീവമായിരിക്കെയാണ് എൽ ഡി എഫ് സ്ഥാനാർഥിയാകാനുള്ള അവസരം തേടിയെത്തിയത്. ജനസേവനത്തിലും താൽപര്യമുള്ളതിനാൽ കൂടുതൽ ഒന്നും ആലോചിക്കാതെ നന്തൻകോട് വാർഡിൽ വോട്ട് തേടി ഇറങ്ങി. ആതുര സേവനവും ജന സേവനവും ഒന്നാണെന്ന് ഡോ.റീന പറയുന്നു.
2017 ലെ മികച്ച നേഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിംഗേൾ അവാർഡ് രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങിയിട്ടുള്ള ആളാണ് കിണവൂര്‍ സ്ഥാനാർഥി സുരകുമാരി. 2014ലെ സംസ്ഥാന പുരസ്കാര ജേതാവ് കൂടിയാണ് സുരകുമാരി.35 വർഷമായി നേഴ്സിംഗ് രംഗത്ത് സജീവമാണ്. ഇത്തവണ കിണവൂർ വാർഡിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയായാണ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് സുരകുമാരി ചുവടുവെച്ചത്.
വോട്ടർമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചും കോവിഡ് ബോധവൽക്കരണം നടത്തിയുമാണ് ഇരുവരുടെയും പ്രചരണം.