കോഴിക്കോട്: സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറില്ലെന്ന് കാരാട്ട് ഫൈസൽ. സ്വതന്ത്രനായി മത്സരിക്കുമെന്ന് കാരാട്ട് ഫൈസൽ പറഞ്ഞു. ഇടതുപക്ഷം എതിർ സ്ഥാനാർത്ഥിയെ നിർത്തുമെങ്കിലും റഹീം വിഭാഗം വോട്ട് ചോർത്തും. ഭാവി നടപടികൾ ആലോചിക്കാൻ ഫൈസൽ അനുകൂലികൾ യോഗം ചേരുന്നു.
സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ കാരാട്ട് ഫൈസലിനോട് തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ സിപിഎം ആവശ്യപ്പെട്ടിരുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ജില്ലാ കമ്മിറ്റിയാണ് ഈ കാര്യം ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ചേർന്ന താമരശേരി ലോക്കൽ കമ്മറ്റിയിൽ വിഷയം ചർച്ചക്ക് വന്നിരുന്നു. കൊടുവള്ളി നഗരസഭ ചുണ്ടപ്പുറം ഡിവിഷനിൽ നിന്നും ഇടത് സ്ഥാനാർത്ഥിയായി കാരാട്ട് ഫൈസലിന്റെ പേരാണ് പ്രഖ്യാപിച്ചത്.
കുന്ദമംഗലം എംഎൽഎ അഡ്വ പി ടി എ റഹീമായിരുന്നു ഫൈസലിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചിരുന്നത്. നിലവിൽ മറ്റൊരു വാർഡിലെ കൗൺസിലറാണ് കാരാട്ട് ഫൈസൽ. യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്ത് കേസിലും ഫൈസലിനെ ഇഡി ചോദ്യം ചെയ്തിരുന്നു.