കൊവിഡ് കാലത്ത് യൂട്യൂബ് ചാനലുകളുമായി നിരവധി പേരാണ് രംഗത്തിറങ്ങിയിട്ടുള്ളത്. വ്യത്യസ്തവും രസകരവുമായ ‘കണ്ടന്‍റുകള്‍’ എങ്ങനെ ചെയ്യാം എന്ന ചിന്തയാണ് എല്ലാവര്‍ക്കും. അത്തരത്തില്‍ വ്യത്യസ്തമായി ഒരു വീഡിയോ ചെയ്ത് പണി കിട്ടിയിരിക്കുകയാണ് ഇവിടെയൊരു യൂട്യൂബര്‍ക്ക്.
മിള്‍ട്ടണ്‍ ഡൊമിങ്കസ് എന്ന കൊളംബിയന്‍ യൂട്യൂബര്‍ക്കാണ് ‘വെറൈറ്റി ഐറ്റം’ പരീക്ഷിച്ച് പണി കിട്ടിയത്. ജെയ് ടോമി എന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്. ആളുകളെ പറ്റിക്കുന്ന ഒരു വീഡിയോ ആണ് ജെയ് ടോമി തന്‍റെ യൂട്യൂബിലൂടെ പങ്കുവച്ചത്. ഐസ്ക്രീം ആണെന്ന് പറഞ്ഞ് സോപ്പുകട്ടയില്‍ ചോക്ലേറ്റ് പുരട്ടി ആളുകള്‍ക്ക് നല്‍കിയാണ് ‘പ്രാങ്ക്’ വീഡിയോ ഇയാളും സംഘവും ചിത്രീകരിച്ചത്.
എന്നാല്‍ ഇപ്പോള്‍ നിയമക്കുരുക്കില്‍ പെട്ടിരിക്കുകയാണ് ജെയ് ടോമി. പ്രായമായവരെയും കുട്ടികളെയുമടക്കമാണ് ജെയ് ടോമി ‘പ്രാങ്ക് ‘ ചെയ്തത്. പരിചിതരല്ലാത്ത ആളുകളുടെ അടുത്ത് ചെന്ന് പുതിയ ബേക്കറി തുടങ്ങിയെന്ന് പറഞ്ഞാണ് ഇവ ഭക്ഷിക്കാന്‍ നല്‍കിയത്.
വീഡിയോ വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായതിന് പിന്നാലെ മാപ്പ് അപേക്ഷയുമായി ജെയും സംഘവും രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇയാള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.