കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് വാങ്ങി നൽകിയില്ലെങ്കിൽ നേതാവിന്റെ രഹസ്യബന്ധം പുറത്ത് വിടുമെന്ന് വനിതാ നേതാവിന്റെ ഭീഷണി. കോഴിക്കോട്ടെ പ്രമുഖ നേതാവിനെതിരെയാണ് വനിതാ നേതാവ് ഓഡിയോ സന്ദേശമയച്ചത്. ജില്ലയിലെ പ്രമുഖനേതാവിന് അയച്ച ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത് കോൺഗ്രസ് പ്രവർത്തകരുടെ വാട്സാപ്പ് ഗ്രുപ്പുകളിലൂടെയാണ്.
സീറ്റിന് വേണ്ടി ഇരുഗ്രൂപ്പുകളും തമ്മിൽ പിടിവലി നടക്കുന്നതിനിടെ ഐ ഗ്രൂപ്പിലെ നേതാക്കൾ തമ്മിലാണ് തർക്കവും ഭീഷണിയുമുണ്ടായത്. ഇതേത്തുടർന്ന് തെരഞ്ഞെടുപ്പ് കമ്മറ്റിയിൽ നിന്ന് ആരോപണ വിധേയനായ നേതാവ് രാജിവെക്കുകയാണെന്നറിയിച്ചിട്ടുണ്ട്. സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധം കാരണമാണ് വനിതാ നേതാവിന്റെ പ്രതികരണമെന്നും അവർ ഖേദം അറിയിച്ചതായും ആരോപണവവിധേയനായ നേതാവ് പറഞ്ഞു.
കോഴിക്കോട് എല്‍ഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയം ഏറെക്കുറെ പൂർത്തിയാക്കിക്കഴിഞ്ഞുവെങ്കിലും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എങ്ങുമിത്തിയില്ല. അതിനിടയിലാണ് പുതിയ തലവേദനയായി ഓഡിയോ ക്ലിപ്പ് പുറത്തായത്. ഇത്തരം തർക്കങ്ങളിലും ഭീഷണികളിലും പെട്ട് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായിരിക്കുകയാണ്.