ന്യൂയോർക്ക്: ജോർജിയ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിൽ ക്രമക്കേടുകൾ ഉണ്ടായെന്ന് കാണിച്ച് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് നൽകിയ ഹർജി കോടതി തള്ളി. ജോർജിയയിൽ വൈകി എത്തിയ 53 ബാലറ്റുകൾ, മറ്റ് ബാലറ്റുകളുമായി കൂടിക്കലർത്തിയെന്നായിരുന്നു ട്രംപിന്റെയും കൂട്ടരുടെയും പരാതി.
മിഷിഗണിൽ വോട്ടെണ്ണുന്നത് തടയാനും ട്രംപ് അനുകൂലികളുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായി. എന്നാൽ ജോർജിയയിലും മിഷിഗണിലും വോട്ടിംഗിൽ ക്രമക്കേടുണ്ടായെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കി കോടതി കേസ് തള്ളുകയായിരുന്നു.
ആറ് ഇലക്ട്രല്‍ സീറ്റുകളുളുള്ള നെവോഡയിലെ വോട്ടെണ്ണലിലും ട്രംപും സംഘവും ക്രമക്കേട് ആരോപിച്ചു. കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി. നെവോഡയിൽ 84 ശതമാനം വോട്ട് എണ്ണി തീര്‍ന്നപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ബൈഡന് പതിനായിരത്തിലധികം വോട്ടിന്റെ ലീഡുണ്ട് . പ്രസിഡന്റാകാന്‍ അദ്ദേഹത്തിന് ഇനി നെവോഡയിലെ ജയം മാത്രം മതി. ഇവിടത്തെ ആറ് ഇലക്ട്രല്‍ വോട്ടുകള്‍ കൂടിയാകുമ്പോള്‍ തന്നെ കേവല ഭൂരിപക്ഷമായ 270 തികയ്ക്കാനാകും.
നെവോഡയിൽ മരിച്ചവർ പോലും വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ട്രംപിന്റെയും സംഘത്തിന്റെയും ആരോപണം. ‘അവര്‍ വോട്ടെണ്ണലിൽ ക്രമക്കേട് കാണിച്ചുവെന്ന് വൈറ്റ്ഹൗസില്‍വച്ച് ട്രംപ് പറഞ്ഞു. 17 മിനിറ്റോളം നീണ്ടു നിന്ന പ്രസ്താവനയില്‍ അദ്ദേഹം മാദ്ധ്യങ്ങളുടെ ചോദ്യങ്ങള്‍ നേരിടുകയോ, തിരഞ്ഞെടുപ്പ് അട്ടിമറി ശ്രമത്തിന് തെളിവുകള്‍ നല്‍കുകയോ ചെയ്തില്ല.
അതിനിടെ, ട്രംപ് അനുകൂലികളും എതിർപക്ഷവും രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. ന്യൂയോർക്കിൽ നിരവധി പേരെ അറസ്റ്റ് ചെയ്‌തു. അരിസോണയിൽ കൗണ്ടിംഗ് സ്റ്റേഷനു സമീപം 150 ഓളം ട്രംപ് അനുകൂലികൾ തോക്കുകളുമായി തടിച്ചുകൂടിയത് സംഘർഷമുണ്ടാക്കി.