വിവാഹം നടത്തുന്ന പുരോഹിതന് അഞ്ച് വര്‍ഷം തടവ് ശിക്ഷ; ‘ലവ് ജിഹാദ്’ ബില്ലുമായി മധ്യപ്രദേശ്

0
212

ഉത്തര്‍പ്രദേശിനു പിന്നാലെ ബിജെപി ഭരിക്കുന്ന കൂടുതല്‍ സംസ്ഥാനങ്ങള്‍ ‘ലവ് ജിഹാദിനു’ കര്‍ശനശിക്ഷ നടപ്പാക്കുന്നു. ലവ് ജിഹാദ് തടയാനെന്ന പേരില്‍ കരട് ബില്‍ തയ്യാറാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ഈ ബില്‍ പ്രകാരം കലക്ടറുടെ അനുമതി ഇല്ലാതെ മതപരിവര്‍ത്തനം നടത്തി വിവാഹം കഴിച്ചാല്‍ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്ന മതപുരോഹിതര്‍ക്ക് അഞ്ച് വര്‍ഷം തടവാണ് ലഭിക്കുക. ഡിസംബര്‍ 28ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.

‘ധര്‍മ്മ സ്വാത്രന്ത്രതാ ബില്‍’ എന്നാണ് നിയമത്തിന്റെ പേര്. ഇതുപ്രകാരം വിവാഹത്തിനായി മതപരിവര്‍ത്തനം ചെയ്യുന്നതിന് ഒരു മാസം മുന്‍പ് തന്നെ കലക്ടര്‍ക്ക് അപേക്ഷ നല്‍കണം. ഇത്തരത്തില്‍ അനുമതി ലഭിക്കാതെ നടത്തുന്ന വിവാഹങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന ആരെയും പ്രതിയായി കണക്കാക്കും. ജാമ്യമില്ലാ കുറ്റമാണ് ചുമത്തുക. അങ്ങനെ സൌകര്യമൊരുക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയുമെല്ലാം രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്നും ബില്ലില്‍ പറയുന്നുണ്ട്.

മതപരിവര്‍ത്തനങ്ങളുടെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയ ശേഷമാണ് ബില്‍ തയാറാക്കിയിരിക്കുന്നത്. മധ്യപ്രദേശിന്റെ മണ്ണില്‍ ലവ് ജിഹാദ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിന് പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്‍റെ നീക്കം. ഒരാള്‍ മറ്റേതെങ്കിലും മതത്തിലേക്ക് മാറിയ ശേഷം വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിവാഹത്തിന് 2 മാസം മുൻപ് ജില്ലാ മജിസ്ട്രേറ്റിൽ നിന്ന് അനുമതി വാങ്ങണം. നിർബന്ധിത മതപരിവർത്തനത്തിന് 1 മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്‌സി / എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവർത്തനത്തിന് 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും.

കര്‍ണാടകയും ഹരിയാനയും സമാന നിയമങ്ങള്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഒക്ടോബര്‍ 30ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഈ ഉത്തരവ് റദ്ദാക്കി. രണ്ട് വ്യക്തികള്‍ക്ക്, അവര്‍ ഒരേ ലിംഗത്തില്‍ പെട്ടവരായാല്‍ പോലും ഒരുമിച്ച് ജീവിക്കാന്‍ നിയമപരമായി അവകാശമുണ്ട്. പ്രായപൂര്‍ത്തിയായവരുടെ ഈ അവകാശത്തില്‍ കടന്നുകയറാന്‍ സര്‍ക്കാരിനോ മറ്റുള്ളവര്‍ക്കോ കഴിയില്ലെന്നും ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. കോടതി ഇങ്ങനെ ഉത്തരവിട്ടിട്ടും നിയമനിര്‍മാണവുമായി വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ മുന്നോട്ടുപോവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here