തൃശ്ശൂര്‍: വാണിയം പാറയില്‍ മണ്ണുമാന്തി യന്ത്രം കയറി മലമ്പാമ്പ് ചത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ അറസ്റ്റില്‍. ഇതര സംസ്ഥാന തൊഴിലാളിയായ ഡ്രൈവര്‍ നൂര്‍ അമീനെയാണ് അറസ്റ്റ് ചെയ്തത്.
ദേശീയ പാതാ നിര്‍മാണത്തിന്റെ ഭാഗമായി വഴിയരികില്‍ കുഴിയെടുക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചിരുന്നു. കുഴിയെടുക്കുന്നതിനിടെ യന്ത്രം ദേഹത്ത് കയറി പാമ്പ് ചാവുകയായിരുന്നു.
വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നൂര്‍ അമീനെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ കേസെടുക്കാതെ തരമില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട് ദേശീയ പാതയ്ക്ക് വേണ്ടി കരാര്‍ ഏറ്റെടുത്തിട്ടുള്ള ആരും വനപാലകരോട് സംസാരിച്ചിട്ടില്ല.
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം മലമ്പാമ്പിനെ ഏതെങ്കിലും തരത്തില്‍ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.