ചെന്നൈ: തമിഴ്നാട്ടിൽ സന്ദർശനത്തിനെത്തിയപ്പോൾ അപ്രതീക്ഷിതമായി വാഹനത്തിൽ നിന്ന് ഇറങ്ങി, ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് നടന്നുനീങ്ങിയ അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിഞ്ഞ വൃദ്ധൻ അറസ്റ്റിൽ. വിമാനത്താവളത്തിലിറങ്ങി, വിവിധ പരിപാടികൾക്കായി സുരക്ഷാവ്യൂഹത്തിനൊപ്പം പോകുന്നതിനിടെയാണ്, ചെന്നൈ നഗരത്തിലെ ജിഎസ്‍ടി റോഡിൽ ബിജെപി, അണ്ണാ ഡിഎംകെ അണികളോട് കൈവീശി അഭിവാദ്യം ചെയ്ത് അമിത് ഷാ നടന്നത്. ഇതിനിടെ ആളുകൾക്കിടയിൽ നിന്ന ഒരാൾ അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് എറിയുകയായിരുന്നു.
‘ഗോ ബാക്ക് അമിത്ഷാ’ എന്ന് എഴുതിയ പ്ലക്കാർഡാണ് 67-കാരനായ ദുരൈരാജ് അമിത് ഷായ്ക്ക് നേരെ എറിഞ്ഞത്. ബാരിക്കേഡുകൾക്ക് പിന്നിലാണ് ജനക്കൂട്ടം നിന്നിരുന്നത്. അതും മറികടന്നാണ് ചെന്നൈ സ്വദേശിയായ ദുരൈരാജ് പ്ലക്കാർഡ് എറിഞ്ഞത്. സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞതിനാൽ പ്ലക്കാർഡ് ഷായുടെ ദേഹത്ത് വീണില്ല. ഉടനെത്തന്നെ ദുരൈരാജിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബിജെപി 2014-ൽ വാഗ്ദാനം ചെയ്ത 15 ലക്ഷം കിട്ടാത്തതിലെ പ്രതിഷേധമാണിതെന്ന് ദുരൈരാജ് പൊലീസിനോട് പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനാണ് അമിത് ഷാ ചെന്നൈയിൽ എത്തിയത്. ഇന്നലെ മുതൽ തമിഴ്നാട്ടിൽ ഗോബാക്ക്അമിത്ഷാ എന്ന ഹാഷ്ടാഗ് ട്രെൻഡിംഗാണ്. എങ്കിലും പ്രോട്ടോക്കോളെല്ലാം ലംഘിച്ച്, റോഡിലിറങ്ങി നടക്കാനുള്ള അമിത് ഷായുടെ തീരുമാനം പ്രതിപക്ഷത്തിനും തമിഴ്നാട്ടിലെ ജനങ്ങൾക്കുമുള്ള കൃത്യമായ രാഷ്ട്രീയസന്ദേശമാണ്. തമിഴ്നാട്ടിൽ സ്വാധീനമുണ്ടാക്കുന്നതിൽ നിന്ന് ബിജെപി പിൻമാറാൻ ഉദ്ദേശിച്ചിട്ടില്ലെന്നത് തന്നെയാണ് ആ സന്ദേശം. ഇതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോഴും ഗോബാക്ക്മോദി എന്ന ഹാഷ്ടാഗ് ക്യാംപെയ്ൻ തമിഴ്നാട്ടിൽ സജീവമായിരുന്നു. ഹോട്ട് എയർ ബലൂണിലടക്കം മോദിക്കെതിരായ പ്രതിഷേധവാചകം എഴുതി പ്രതിഷേധക്കാർ ഉയർത്തിയതോടെ റോഡ് വഴിയുള്ള സഞ്ചാരം ഒഴിവാക്കി മോദി വിവിധ വേദികളിലെത്തിയത് ഹെലികോപ്റ്റർ വഴിയാണ്.
കേന്ദ്രആഭ്യന്തരമന്ത്രിയായ ശേഷം അമിത് ഷാ ആദ്യമായാണ് തമിഴ്നാട്ടിലെത്തുന്നത്. തമിഴ്നാട് സർക്കാർ സംഘടിപ്പിക്കുന്ന, 67,000 കോടി രൂപയുടെ വൻകിട വികസനപദ്ധതികളുടെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കും. ചെന്നൈ മെട്രോ റെയിലിന്‍റെ രണ്ടാംഘട്ടവും ഇതിലുൾപ്പെടുന്നു.
തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി നേരിട്ടാണ് അമിത് ഷായെ സ്വീകരിക്കാനെത്തിയത്. ഉപമുഖ്യമന്ത്രി ഒ പനീർശെൽവവും മറ്റ് മുതിർന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വരവെയാണ്, അമിത് ഷാ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി നടന്ന് അണികളെ അഭിവാദ്യം ചെയ്ത് നടന്നച്. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും തമിഴ്നാട് ബിജെപിയുടെ ചുമതലക്കാരനുമായ സി ടി രവിയും സംസ്ഥാനാധ്യക്ഷൻ എൽ മുരുഗനും അമിത് ഷായ്ക്ക് ഒപ്പം വാഹനത്തിൽ നിന്ന് ഇറങ്ങി നടന്നു. കനത്ത സുരക്ഷാ വലയവും ചുറ്റുമുണ്ടായിരുന്നു.