മുംബൈ∙ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ വീട്ടിൽ നിന്നാണ് ബുധനാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. ആർക്കിടെക്റ്റ് ആൻവി നായിക് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. പത്തോളം പൊലീസ് ഉദ്യോഗസ്ഥർ രാവിലെ തന്നെ അറസ്റ്റ് ചെയ്യാൻ അർണബിന്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ പൊലീസിനൊപ്പം പോകാൻ അർണബ് കൂട്ടാക്കിയില്ല. ഇതോടെ പൊലീസ് ബലം പ്രയോഗിച്ചാണ് കൂട്ടിക്കൊണ്ടുപോയത്.
2018ൽ അലിബാഗ് പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്. സ്റ്റുഡിയോ നിർമാണവുമായി ബന്ധപ്പെട്ട് ആൻവി നായിക്കിന് പണം നൽകാനുണ്ടായിരുന്നു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അർണബിനെ അലിബാഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമെന്നാണ് പ്രാഥമിക വിവരം. മുംൈബയിൽ നിന്നും നാല് മണിക്കൂർ യാത്രയുണ്ട് അലിബാഗിലേക്ക്.