മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ വഴിയരികിൽ പ്ലാസ്റ്റിക് ചാക്കിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പെൺകുഞ്ഞിന് പുനർജന്മം. മൂന്നുചാക്കുകൾക്കുള്ളിലായി കെട്ടിയാണ് പെൺകുഞ്ഞിനെ റോഡിൽ ഉപേക്ഷിച്ചിരുന്നത്. കുട്ടിയുടെ കരച്ചിൽ ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് കുട്ടിയെ ചാക്കിന്റെ കെട്ടിൽ നിന്നും പുറത്തെടുത്തത്. ചാക്കിനുളളിൽ നിന്ന് കുട്ടിയെ രക്ഷിക്കുന്ന വീഡിയോ സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
കുഞ്ഞിനെ കണ്ടെത്തിയതോടെ പോലീസിനെ നാട്ടുകാർ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് കുഞ്ഞിനെ തൊട്ടടുത്തുളള ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു. ചികിത്സയിൽ തുടരുകയാണ്. ജനിച്ചത് പെൺകുഞ്ഞായതിനാൽ കുട്ടിയെ ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം.
ഒരു നവജാത ശിശു മാസം തികയും മുമ്പേ ജനിച്ച കുഞ്ഞാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. എങ്കിലും കുട്ടി ആരോഗ്യവതിയാണ്. പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്- പോലീസ് ഓഫീസർ ഡോ.അഖിലേഷ് നാരായൺ സിങ് പറഞ്ഞു.