മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി മോർച്ചറിയിൽ പ്രവേശിപ്പിച്ച യുവാവ് മണിക്കൂറുകൾക്ക് ശേഷം എല്ലാവരെയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് തിരികെ വന്നു. കെനിയയിലാണ് സംഭവം. 32 കാരനായ പീറ്റർ കിഗന്‍ വീട്ടിൽ കുഴഞ്ഞുവീണതിനെ തുടർന്നാണ് വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.
ഡോക്ടർമാരുടെ പരിശോധനക്ക് ശേഷം ഇയാൾ മരിച്ചതായി വീട്ടുകാരോട് പറഞ്ഞു. ശേഷം മോർച്ചറിയിലേക്ക് മാറ്റിയതോടെ ആശുപത്രിയിലെ ജീവനക്കാർ പോസ്റ്റുമോർട്ടത്തിനുള്ള മറ്റ് നടപടികൾ ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി അയാളുടെ വലതു കാലിലെ മുറിവിൽ തൊട്ടതോടെ യുവാവ് ഉറക്കമുണർന്നു. വേദനയോടെ കരയുന്നതിനിടെ അയാൾ ബോധം വീണ്ടെടുത്തു.
ഡോക്ടർമാർ മരിച്ചെന്ന് പറഞ്ഞ് മൂന്ന് മണിക്കൂറിന് ശേഷമാണ് സംഭവം. വൈകുന്നേരം 5.30 നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. രാത്രി 7.45 ന് അദ്ദേഹം മരിച്ചതായി ഡോക്ടർ അറിയിച്ചു. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞതായി പീറ്റർ കിഗന്‍റെ സഹോദരൻ കെവിൻ പറഞ്ഞു.
‘ബോധം വീണ്ടെടുക്കുമ്പോൾ ഞാൻ എവിടെയാണെന്ന് എനിക്കറിയില്ലായിരുന്നു, പക്ഷേ എന്റെ ജീവൻ രക്ഷിച്ചതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു. എന്റെ ജീവിതകാലം മുഴുവൻ ദൈവത്തെ സേവിക്കും’- പീറ്റർ കിഗന്‍ പറഞ്ഞു.