‘ബുര്‍ഖ ധരിക്കാന്‍ ഞാന്‍ എടുത്ത തീരുമാനം എനിക്കെന്നും അഭിമാനം’; പൊതുവേദിയില്‍ മുഖം മറച്ചെത്തിയതിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്കെല്ലാം ചുട്ട മറുപടിയുമായി എആര്‍ റഹ്‌മാന്റെ മകള്‍ ഖദീജ

0
211

പൊതുവേദികളിലടക്കം എല്ലായിടത്തും മുഖം മറച്ചു പ്രത്യക്ഷപ്പെടുന്ന എആര്‍ റഹ്‌മാന്റെ മകള്‍ ഖദീജയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും വിമര്‍ശനങ്ങളും നിറഞ്ഞിരുന്നു. ബുര്‍ഖ ധരിക്കുന്നതിനെ വിമര്‍ശിച്ചവര്‍ക്കെല്ലാം ചുട്ട മറുപടിയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ഖദീജ.

‘ബുര്‍ഖ ധരിക്കാന്‍ ഞാന്‍ എടുത്ത തീരുമാനത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കെന്നും അഭിമാനമാണ്’- ഖദീജ പറഞ്ഞു. ഈയടുത്ത കാലത്ത് റഹ്‌മാന്റെ സംഗീതത്തില്‍ ഖദീജ ആലപിച്ച് പുറത്തിറക്കിയ ‘ഫരിശ്‌തോ’ എന്ന ഗാനത്തെക്കുറിച്ചു ദേശീയ മാധ്യമത്തോടു സംസാരിക്കവെയാണ് വസ്ത്രധാരണത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതിനെക്കുറിച്ച് ഖദീജ മനസ്സ് തുറന്നത്.

‘മുഖം മറച്ചു എന്നതിന്റെ പേരില്‍ എനിയ്‌ക്കെതിരെ ഇത്തരം വിമര്‍ശനങ്ങളും വിവാദങ്ങളും ട്രോളുകളും ഉയരുന്നതു കണ്ടപ്പോള്‍ തുടക്കത്തില്‍ വളരെ സങ്കടവും പ്രയാസവും തോന്നിയിരുന്നു. അതൊക്കെ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു.

പക്ഷേ കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അതിനോടു പൊരുത്തപ്പെടാന്‍ തുടങ്ങി. ഒരാളുടെ വസ്ത്രധാരണത്തെക്കുറിച്ച് മറ്റുള്ളവര്‍ നടത്തുന്ന വിധിന്യായങ്ങളും വിലയിരുത്തലുകളും അവരുടെ തന്നെ സ്വഭാവത്തെയാണ് വെളിപ്പെടുത്തുന്നത്. ബുര്‍ഖ ധരിക്കാന്‍ ഞാന്‍ എടുത്ത തീരുമാനത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്കെന്നും അഭിമാനമാണ്.’- ഖദീജ പറഞ്ഞു.

കുറച്ച് മാസങ്ങള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു ഖദീജ റഹ്‌മാന്റെ വസ്ത്രധാരണം. തനിയ്ക്ക് റഹ്‌മാന്റെ മകളെ കാണുമ്പോള്‍ വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്നു പറഞ്ഞ എഴുത്തുകാരി തസ്ലീമ നസ്‌റിന് മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ട് ഖദീജ മറുപടി നല്‍കിയതും വലിയ വാര്‍ത്തയായി മാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here