ബീഹാര്‍ തെരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി രംഗത്ത്. ബിഹാറിലെ വിജയം പ്രചോദനം നല്‍കുന്നതാണ്. 2022ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ എഐഐഎം പോരാടും. ആരുമായി സഖ്യമുണ്ടാക്കുമെന്നത് അപ്പോള്‍ പറയുമെന്നും ഉവൈസി പറഞ്ഞു. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നെന്ന ആരോപണത്തോട് തങ്ങളും ഒരു രാഷ്ട്രീയപാര്‍ട്ടിയാണെന്നും മത്സരിക്കാന്‍ അവകാശമുണ്ടെന്നുമായിരുന്നു ഉവൈസിയുടെ മറുപടി. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍, ഉത്തര്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ വിജയത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഉവൈസി.
‘കൂടുതല്‍ സീറ്റുകളില്‍ ജയിക്കാന്‍ ഞങ്ങള്‍ക്കായില്ല. കാര്യങ്ങള്‍ വിശദമായി പരിശോധിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ നില മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വോട്ട് വിഴുങ്ങികള്‍ എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം’ -ഉവൈസി കൂട്ടിച്ചേര്‍ത്തു. മുസ്ലിം വോട്ടുകള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും ഉത്തര്‍പ്രദേശും, അതുകൊണ്ട് തന്നെ ഉവൈസി മത്സരിച്ചേക്കുമെന്ന വാര്‍ത്ത മമത ബാനര്‍ജിയും സമാജ് വാദി പാര്‍ട്ടിയും അടക്കമുള്ള പാര്‍ട്ടികള്‍ക്ക് തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്.
അതേസമയം, എ.ഐ.എം.ഐ.എം നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കുന്ന ഉവൈസിയുടെ പാര്‍ട്ടി, ബി.ജെ.പിയുടെ സഖ്യകക്ഷിയെപ്പോലെയാണെന്ന് ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തിയിരുന്നു. വോട്ട് ഭിന്നിപ്പിക്കുന്ന ഉവൈസി ബി.ജെ.പിയുടെ ബി ടീമാണെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു. ‘കോണ്‍ഗ്രസ് അവരുടെ നിരാശ മറച്ചുവെക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ പരാജയപ്പെട്ടാല്‍ ഉവൈസിയെ കുറ്റപ്പെടുത്തും. ബിഹാറിലെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ അഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയതാണ്. സീമാഞ്ചലിന്റെ വികസനത്തിനായാണ് ഞങ്ങളുടെ പ്രവര്‍ത്തനം’ -കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഉവൈസി പറഞ്ഞു.