ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയി മൂന്നാഴ്ച കഴിഞ്ഞിട്ടും പിടികൂടാനായില്ല

0
159

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയി മൂന്നാഴ്ച കഴിഞ്ഞിട്ടും ഇത് വരെ പിടികൂടാനായില്ല. ലുക്കൌട്ട് നോട്ടീസ് ഇറക്കിയിട്ടും പ്രതികളെ പിടികൂടാനാവാത്തതോടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പൂക്കോയ തങ്ങളെയും മറ്റ് രണ്ട് കൂട്ടുപ്രതികളെയും അന്വേഷണ സംഘം പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നു.

ഈ മാസം 7നായിരുന്നു എം.സി കമറുദ്ദീന്‍ എം.എല്‍.എ പ്രത്യേക അന്വേഷണ സംഘം ഓഫീസിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 10.30ഓടെ ചോദ്യം ചെയ്യാന്‍ ആരംഭിച്ച സമയത്ത് തന്നെ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. കമറുദ്ദീന്‍റെയും പൂക്കോയ തങ്ങളുടെയും അറസ്റ്റ് ഒരേ സമയം രേഖപ്പെടുത്താനായിരുന്നു അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഇതിനായി പൂക്കോയ തങ്ങളോട് എസ്.ഐ.ടിയുടെ ഓഫീസിലെത്താന്‍ രാവിലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ഓഫീസിലേക്കുള്ള യാത്രാ മധ്യേ കമറുദ്ദീന്‍റെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന അന്വേഷണ സംഘത്തിന്‍റെ വെളിപ്പെടുത്തല്‍ വന്നതോടെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയി.

പൂക്കോയ തങ്ങള്‍ക്ക് പിന്നാലെ സൈനുല്‍ ആബിദീനും ഹിഷാമും മുങ്ങി. അന്വേഷണ സംഘം മുന്നുപേര്‍ക്കും ലൂക്കൌട്ട് നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇത് വരെ പിടികൂടാനായില്ല. പിന്നീട് പ്രത്യേക സ്ക്വാഡും രൂപീകരിച്ചു. മൂന്ന് പ്രതികളും മുങ്ങിയിട്ട് മൂന്നാഴ്ച കഴിഞ്ഞിട്ടും പിടികൂടാനാവാത്തതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. നിക്ഷേപകരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

എം.സി കമറുദ്ദീന്‍ എം.എല്‍.എയെ മാത്രം അറസ്റ്റ് ചെയ്ത് രാഷ്ട്രീയ വിരോധം തീര്‍ക്കുകയാണെന്നാണ് ആക്ഷേപം. പൂക്കോയ തങ്ങള്‍ ഉള്‍പ്പടെയുള്ള പ്രതികളെ പിടികൂടാതിരിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നും ആക്ഷേപമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here