പുതിയ മാറ്റങ്ങളോടെ ഐ.പി.എല്‍ 2021; മെഗാലേലവും, പുതിയ ടീമും

0
207

2021 ഏപ്രിലില്‍ ആരംഭിക്കേണ്ട ഐ.പി.എല്‍ പുതിയ സീസണിനു മുന്നോടിയായി ഒരു ടീമിനെക്കൂടി ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ എട്ടു ടീമുകളള്‍ക്ക് പുറമെ ഒന്‍പതാമത് ഒരു ടീമിനെക്കൂടി അവതരിപ്പിക്കാനാണ് നീക്കം. കോവിഡ് പ്രതിസന്ധിയില്‍ കൂടുതല്‍ വരുമാനം ലക്ഷ്യംവെച്ചാണ് ബി.സി.സി.ഐയുടെ ഇത്തരമൊരു നീക്കം.

അഹമ്മദാബാദ് ആസ്ഥാനമായുള്ള പുതിയൊരു ടീമാണ് പരിഗണനയിലെന്നാണ് സൂചനകള്‍. പ്രമുഖ വ്യവസായികളായ അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാകും പുതിയ ടീമെത്തുകയെന്നാണ് വിവരം. സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയമാകും പുതിയ ടീമിന്റെ ഹോം ഗ്രൗണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമെന്ന ഖ്യാതിയോടെ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പണികഴിപ്പിച്ച ഗ്രൗണ്ടാണിത്.

14ാം സീസണിനെ മുന്നോടിയായി മെഗാലേലത്തിന് ഒരുങ്ങാനും ഫ്രാഞ്ചൈസികളെ ബി.സി.സി.ഐ അറിയിച്ചിട്ടുണ്ട്. ‘ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മെഗാ ലേലത്തിനായി ഒരുങ്ങാന്‍ ബി.സി.സി.ഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും, മുന്‍ നിശ്ചയിച്ചപ്രകാരം മെഗാ ലേലവുമായി മുന്നോട്ടു പോകുമെന്നാണ് സൂചന. മാത്രമല്ല, പുതിയൊരു ടീം കൂടി ഐപിഎലിന്റെ ഭാഗമാകുന്ന സാഹചര്യത്തില്‍ ലേലം കൂടിയല്ലേ തീരൂ.’ ഒരു ടീമിന്റെ പ്രതിനിധി വെളിപ്പെടുത്തി.

ഡെക്കാന്‍ ചാര്‍ജേഴ്സ്, റൈസിംഗ് പൂനെ ജയന്റ്സ്, പൂനെ വാരിയേഴ്സ്, ഗുജറാത്ത് ലയണ്‍സ് എന്നീ ടീമുകളും മുമ്പ് ഐ.പി.എല്ലില്‍ വന്നിട്ടുണ്ടെങ്കിലും ഇവരൊന്നും രണ്ട് സീസണുകള്‍ക്ക് അപ്പുറത്തേക്ക് പോയിരുന്നില്ല. ഐ.പി.എല്‍ 14ാം സീസണ്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ തന്നെ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ തന്നെയാവും ടൂര്‍ണമെന്‍റിന് വേദിയാവുക.

LEAVE A REPLY

Please enter your comment!
Please enter your name here