കാസർകോട് ∙ കോവിഡ് പ്രതിസന്ധി കാലത്തും പാവങ്ങളുടെ കീശ കൊള്ളയടിച്ചു മഡ്ക ചൂതാട്ടം ജില്ലയിൽ വ്യാപകം. രണ്ടക്കം, മൂന്നക്കം എന്നിങ്ങനെ രണ്ടു തരത്തിലുള്ള നറുക്കെടുപ്പാണു നടക്കുന്നത്. ദിവസത്തിൽ 3 തവണയാണ് നറുക്കെടുപ്പ്. ചൂതാട്ടത്തിൽ 10 രൂപ നിക്ഷേപിക്കുന്നവർക്ക് 700 രൂപയാണു സമ്മാനം. ജില്ലയിലെ എല്ലാ ടൗണുകളിലും ഈ സംഘത്തിന് ഏജന്റുമാരുണ്ട്.
വലിയ സമ്മാനം പ്രതീക്ഷിച്ച് ഇതിൽ സ്ഥിരമായി പണം ഇറക്കി വീടുപോലും പണയത്തിലായ ഒട്ടേറെ പേർ ജില്ലയിൽ തന്നെയുണ്ട്. എന്നിട്ടും അധികൃതർ ഇതൊന്നും അറിഞ്ഞ മട്ടില്ല. പരിശോധന ഇടയ്ക്കു നടക്കാറുണ്ടെങ്കിലും ചെറുകിട ഏജന്റുമാർ മാത്രമേ പിടിയിലാകാറുള്ളൂ. ഇവർക്കു സ്റ്റേഷൻ ജാമ്യവും ലഭിക്കും.
കളികൾ പലവിധം
കാസർകോട്, കുമ്പള, തളങ്കര എന്നിങ്ങനെ 3 നറുക്കെടുപ്പു കേന്ദ്രങ്ങൾ ജില്ലയിലുള്ളതായാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം. രാവിലെ 11നാണ് ആദ്യ നറുക്കെടുപ്പ്. ‘അജ്ജറെ കളി’ അഥവാ എസ്പി എന്നാണ് ഇത് അറിയപ്പെടുന്നത്. ഉച്ചയ്ക്ക് 12ന് രണ്ടാമത്തെ നറുക്കെടുപ്പ്. ഇത് ‘കാസർകോട് കളി’ എന്ന് അറിയപ്പെടുന്നു. രാത്രി 7.45ന് ഒടുവിലത്തേത്,‘ മഞ്ചേശ്വരം കളി’ എന്ന പേരിൽ അറിയപ്പെടുന്നു.
ഇതിന്റെ നറുക്കെടുപ്പു കുമ്പളയിലാണ്. നിക്ഷേപിക്കുന്ന തുകയുടെ 70 ഇരട്ടി തുകയാണ് സമ്മാനമായി ഇവർ നൽകുന്നത്. അതായത് നറുക്കെടുക്കുന്ന നമ്പറിൽ 10 രൂപ നിക്ഷേപിക്കുന്നവർക്ക് 700 രൂപ ലഭിക്കും. 10 രൂപ മുതൽ 1000 രൂപ വരെ നിക്ഷേപിക്കുന്നവരുണ്ട്. നിക്ഷേപം ശേഖരിക്കാൻ എല്ലാ ടൗണുകളിലും ഒന്നിലേറെ ഏജന്റുമാരുണ്ട്.
നറുക്കെടുപ്പ് രഹസ്യം
രഹസ്യ കേന്ദ്രങ്ങളിൽ വച്ചാണു നറുക്കെടുപ്പ്. നറുക്കെടുത്ത നമ്പർ ഏജന്റുമാർ പറഞ്ഞാണ് പണം ഇറക്കുന്നവർ അറിയുന്നത്. കൂടുതൽ പേർ ഒരു അക്കത്തിൽ തന്നെ പണം നിക്ഷേപിച്ചാൽ ആ നമ്പർ ഒഴിവാക്കി നറുക്കെടുത്താലും അറിയാനുള്ള സംവിധാനമില്ല. അങ്ങനെ പല തരത്തിലുള്ള തട്ടിപ്പുകൾ ഇതിന്റെ മറവിൽ നടക്കുന്നതായി പൊലീസ് പറയുന്നു.
കോടികളുടെ ഇടപാടുകൾ
ഈ ചൂതാട്ടവുമായി ബന്ധപ്പെട്ട് ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകൾ ഒരു ദിവസം ജില്ലയിൽ നടക്കുന്നതായി ഒരു ഏജന്റ് രഹസ്യമായി സമ്മതിച്ചു. കാസർകോട് ടൗണിൽ പണം ശേഖരിക്കുന്ന ഇയാൾക്ക് 30000 രൂപയിലേറെ ഒരു ദിവസം ‘കലക്‌ഷൻ’ ലഭിക്കുന്നു. ഇതേപോലെ ഒട്ടേറെ ഏജന്റുമാർ വേറെയുമുണ്ട്. 25% ആണ് ഏജന്റുമാരുടെ പ്രതിഫലം. ഇതിനു പുറമെ സമ്മാനം ലഭിക്കുന്നവരിൽ നിന്നുള്ള കമ്മിഷനുമുണ്ട്.
പെറ്റി കേസ് മാത്രം
പൊലീസ് പരിശോധനയിൽ ഏജന്റുമാർ മാത്രമേ പിടിക്കപ്പെടാറുള്ളു. സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന നിസ്സാര കേസ് മാത്രമാണ് ഇവർക്കെതിരെ ചുമത്തുന്നത്. കോടതിയിൽ 500 രൂപ പിഴ അടച്ചാൽ കേസിൽ നിന്നും ഒഴിവാകാം. പിടിക്കപ്പെടുന്ന സമയത്ത് ഏജന്റിന്റെ കയ്യിലുള്ള പണം സർക്കാരിലേക്ക് ലഭിക്കും. അതു മാത്രമാണ് സർക്കാരിന് ഒരു നേട്ടമായി അവകാശപ്പെടാനാകുന്നത്.
‘നമ്പർ എഴുതിവയ്ക്കുന്ന ചെറിയ കടലാസ് അല്ലാതെ മറ്റു തെളിവുകളൊന്നും ഇത്തരം ഏജന്റുമാരുടെ കയ്യിൽ നിന്നും ലഭിക്കാറില്ല. വലിയ ശിക്ഷ ലഭിക്കുന്ന ശക്തമായ നിയമം ഉണ്ടെങ്കിൽ മാത്രമേ ഇതു പൂർണ അർഥത്തിൽ തടയാനൊക്കൂ. ചൂതാട്ടം തടയാൻ പൊലീസിന്റെ ഭാഗത്തു നിന്ന് ആത്മാർഥമായ ശ്രമം ഉണ്ട്. എന്നാൽ നാട്ടുകാരും സഹകരിക്കണം. – ഇ. രത്നാകരൻ എസ്ഐ ആദൂർ