നിയന്ത്രണം കര്‍ശനമാക്കണം; കൊവിഡ് രണ്ടാം തരംഗമെന്ന മുന്നറിയിപ്പിന് പിന്നാലെ പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് കേന്ദ്രസര്‍ക്കാര്‍

0
222

ന്യൂദല്‍ഹി: കൊവിഡ് നിയന്ത്രണങ്ങളില്‍ അലസത പാടില്ലെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകുന്നു എന്ന ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പിനിടെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍.

ഇതിനായി പുതിയ മാര്‍ഗനിര്‍ദേശവും സര്‍ക്കാര്‍ പുറപ്പെടുവിച്ചു. പ്രാദേശികമായി നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്നും എന്നാല്‍ കേന്ദ്രത്തിന്റെ അനുവാദമില്ലാതെ കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കരുതെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരീക്ഷണം കര്‍ശനമാക്കണം.

കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണങ്ങളും ജനങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ അനുവദിക്കാവൂ. ഓഫീസുകളില്‍ അടക്കം സാമൂഹിക അകലം ഉറപ്പാക്കണം.

പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍, ഓഫീസ് സമയക്രമീകരണം അടക്കം ഏര്‍പ്പെടുത്തണം. സാമൂഹിക അകലം ഉറപ്പിക്കുന്ന നടപടികളും സ്വീകരിക്കണം.

പുതുക്കിയ മാര്‍ഗനിര്‍ദേശം ഡിസംബര്‍ 1 മുതല്‍ 31 വരെയാണ് നിലനില്‍ക്കുക. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here