ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നന്ദ്യാലിൽ നാലംഗ കുടുംബം ട്രെയിനിന് മുന്നിൽചാടി ആത്മഹത്യാ ചെയ്ത സംഭവത്തിൽ രണ്ട് പൊലീസുകാർ അറസ്റ്റിൽ. സിഐ സോമശേഖര റെഡ്ഢി, ഹെഡ് കോൺസ്റ്റബിൾ ഗംഗാധർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നന്ദ്യാൽ സ്വദേശിയായ അബ്ദുൽ സലാമിന്റെയും കുടുംബത്തിന്റെയും മരണവുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരേയും കുറ്റക്കാരെന്ന് കണ്ട് അറസ്റ്റ് ചെയ്തത്.
അബ്ദുൽ സലാമിനെ മോഷണ കുറ്റം ചാർത്തി അനാവശ്യമായി ഉപദ്രവിച്ചെന്നും ഇതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് ഭാര്യക്കും രണ്ടു കുട്ടികൾക്കുമൊപ്പം ആത്മഹത്യ ചെയ്തതെന്നുമാണ് അന്വേഷണത്തിൽ വ്യക്തമായത്. മരിക്കുന്നതിന് മുൻപ് കുടുംബം തെറ്റുകാരല്ലെന്ന് വ്യക്തമാക്കി അബ്ദുൽ സലാം മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെ മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡിയാണ് അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്.