തദ്ദേശപ്പോരിന് തയ്യാറെടുത്ത് മുന്നണികൾ; പത്രികാ സമർപ്പണം വ്യാഴാഴ്ച മുതൽ

0
189

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് തീയതികളായതോടെ സംസ്ഥാനം ജനവിധിയുടെ ചൂടിലേക്ക്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള തികച്ചും വ്യത്യസ്തമായ പ്രചാരണ പരിപാടികൾ എങ്ങനെയെന്നതിൽ രാഷ്ട്രീയ പാർട്ടികൾ സജീവ ചർച്ച തുടങ്ങി. പോളിംഗ് ദിനത്തിലേക്ക് കൃത്യം ഒരു മാസം മാത്രമാണ് ബാക്കിയെന്നതിനാൽ എത്രയും വേഗം സ്ഥാനാർഥി നിർണയം പൂർത്തിയാക്കുകയാണ് പാർട്ടികൾക്ക് മുന്നിലെ ആദ്യ വെല്ലുവിളി. 

അടുത്ത വ്യാഴാഴ്ചയാണ് പത്രികാ സമർപ്പണം ആരംഭിക്കുന്നത്. നവംബർ 19 വരെ സമയമുണ്ട്. 20നാണ് സൂക്ഷ്മപരിശോധന. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായി മാറുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി മിക്ക ജില്ലകളിലും സ്ഥാനാർഥി നിർണയം ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതി യോഗം ഇന്ന് ചേരും. ഒരു ദിവസം നീളുന്ന യോഗത്തിൽ പ്രാദേശിക നീക്കുപോക്കുകളും സീറ്റ് വിഭജനവും ചർച്ചയാകും. വെൽഫെയർ പാർട്ടി ആർഎംപി എന്നിവയുമായി പ്രാദേശിക സഖ്യം വേണമെന്ന നിർദ്ദേശം പരിഗണിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സർക്കാരിനെതിരെയുളള പ്രതിഷേധ പരിപാടികൾ മുന്നോട്ടു പോകേണ്ടത് എങ്ങനെയെന്നും തീരുമാനിക്കും. പി സി ജോർജ്ജിനെയും പി സി തോമസിനെയും പാർട്ടി എന്ന നിലയിൽ എടുക്കേണ്ടതില്ലെന്ന് കഴിഞ്ഞ രാഷ്ട്രീയ കാര്യ സമിതിയിൽ നിർദ്ദേശമുയർന്നിരുന്നു. ഏതെങ്കിലും പാർട്ടിയിൽ ലയിച്ച് വന്നാൽ മുന്നണിയിലെടുക്കാമെന്ന് ഇവരെ അറിയിക്കും.

സിപിഎം സംസ്ഥാന സമിതി യോഗവും ഇന്ന് ചേരും. സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയേയും ലക്ഷ്യം വച്ച് കേന്ദ്ര ഏജൻസികൾ നീങ്ങുമ്പോൾ അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സംസ്ഥാന സമിതി തീരുമാനമെടുക്കും. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ പ്രചാരണം തുടങ്ങാൻ ഇന്നലെ ചേർന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു. ബിനീഷ് കോടിയേരിക്കെതിരായ കേസുകളിൽ കോടിയേരിക്ക് പൂർണ പിന്തുണ നൽകാനും സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയം സംസ്ഥാന സമിതിയിൽ വിശദ ചർച്ചയാകാനിടയില്ല. കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങളുടെ റിപ്പോർട്ടിംഗ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ,കേന്ദ്ര വിരുദ്ധ സമരങ്ങൾ എന്നിവയായിരിക്കും സംസ്ഥാന സമിതിയുടെ പ്രധാന ചർച്ച വിഷയങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here