തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട കൂടുതൽ സത്യങ്ങൾ ഇനിയും പുറത്ത് വരുമെന്നും താൻ പൂർണമായും കുറ്റക്കാരനല്ലെന്ന് തെളിയുകയുള്ളൂവെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.
തനിക്കറിയാവുന്ന ചില കാര്യങ്ങളുണ്ട്. ആരേയും കുറ്റപ്പെടുത്താനോ വിഷമപ്പെടുത്താനോ ആഗ്രഹിക്കുന്നില്ലെന്നതിനാൽ അക്കാര്യങ്ങൾ പറയുന്നില്ലെന്നും അതൊക്കെ പുറത്ത് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോളാറിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണമെന്നതിൽ കോൺഗ്രസ് നേതാക്കളുടെ നിലപാടിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വേട്ടയാടപ്പെടുന്ന അവസരത്തിലും നാളെ സത്യം പുറത്തുവരുമെന്ന ഒരു ആത്മവിശ്വാസം. എനിക്കുണ്ടായിരുന്നു. ആ ഒരു വിശ്വാസത്തിലാണ് നിന്നത്. ഇത് ഒരു പുതുമയുള്ള കാര്യമായി കരുതുന്നില്ല.
കേസ് വന്നപ്പോൾ താൻ അമിതമായി ദുഃഖിച്ചില്ല. ഇപ്പോൾ അമിതമായി സന്തോഷിക്കുന്നില്ലെന്നും പ്രതികാരം തന്റെ രീതിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.