കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ പൊലീസ് ഇന്‍സ്‌പെക്ടറുടെ അസഭ്യവര്‍ഷം. ചെറുപുഴ പട്ടണത്തിന് സമീപം പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്ക് നേരെയാണ് ഇന്‍സ്‌പെക്ടര്‍ ബിനീഷ് കുമാര്‍ അസഭ്യവര്‍ഷം നടത്തിയത്.
കച്ചവടക്കാര്‍ക്ക് നേരെ ഉദ്യോഗസ്ഥന്‍ നടത്തുന്ന ആക്രോശവും അസഭ്യവര്‍ഷവും നിറഞ്ഞ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. സാധനങ്ങള്‍ എടുത്തുമാറ്റാമെന്ന് കച്ചവടക്കാര്‍ പറയുന്നതും വീഡിയോയിലുണ്ട്.
ചവിട്ടിക്കൊല്ലുമെന്നും കൂടുതല്‍ ഡയലോഗ് അടിക്കണ്ടെന്നും ഇന്‍സ്‌പെക്ടര്‍ കച്ചവടക്കാരനോട് പറയുന്നുണ്ട്. തുടര്‍ന്ന് താന്‍ എല്ലാമെടുത്ത് പോയിക്കോളാം എന്ന് കച്ചവടക്കാരന്‍ പറയുന്നതും ദൃശ്യങ്ങളിലുണ്ട്.
അതേസമയം അനധികൃതമായി റോഡരികില്‍ കച്ചവടം നടത്തിയവരെ ഒഴിപ്പിക്കുകയായിരുന്നെന്നും എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നുമായിരുന്നു ഇന്‍സ്‌പെക്ടറുടെ പ്രതികരണം.