ക്രിക്കറ്റ് വാതുവെപ്പിന് തടസം നിന്നു; യുവാവ് അമ്മയെയും സഹോദരിയയെും വിഷം കൊടുത്ത് കൊലപ്പെടുത്തി

0
381

ക്രിക്കറ്റ് വാതുവെപ്പിന് തടസം നിന്ന അമ്മയെയും സഹോദരിയെയും യുവാവ് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി കൊന്നു. ഹൈദരാബാദിലാണ് സംഭവം നടന്നത്. എം ടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ പള്ളി സായ്നാഥ് റെഡ്ഡിയാണ്(23) ഈ ക്രൂരകൃത്യം ചെയ്തത്. ആഹാരത്തില്‍ കീടനാശിനി കലര്‍ത്തി അമ്മക്കും സഹോദരിക്ക് നല്‍കിയ ശേഷം അവര്‍ അബോധാവസ്ഥയിലാകുന്നതുവരെ സായ് നാഥ് കാത്തിരുന്നതായി മെഡ്കല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ എം.പ്രവീണ്‍ റെഡ്ഡി പറഞ്ഞു.

മൂന്ന് വര്‍ഷം മുന്‍പാണ് സായ്നാഥിന്‍റെ പിതാവ് പ്രഭാകര്‍ റെഡ്ഡി മരിക്കുന്നത്. അമ്മ സുനീത(44) ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. സഹോദരി അനൂജ റെഡ്ഡി(22) ബി.ഫാം വിദ്യാര്‍ഥിയാണ്. പ്രഭാകറിന്‍റെ മരണത്തിന് ശേഷം സ്ഥലം വിറ്റ പണവും ഇന്‍ഷുറന്‍സായി ലഭിച്ച തുകയും സുനീതയുടെ ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിച്ചിരുന്നു. ക്രിക്കറ്റ് വാതുവെപ്പിനായി സായ്നാഥ് അമ്മ അറിയാതെ 20 ലക്ഷം രൂപ അക്കൌണ്ടില്‍ നിന്നും ഈയിടെ പിന്‍വലിച്ചിരുന്നു. വാതുവെപ്പ് മൂലമുണ്ടായ കടം വീട്ടുന്നതിനായി സുനീതയുടെ 15 പവനോളം വരുന്ന സ്വര്‍ണം വില്‍ക്കുകയും ചെയ്തു. പണവും ആഭരണങ്ങളും നഷ്ടപ്പെട്ട കാര്യം വളരെ വൈകിയാണ് സുനീതയും അനുജയും അറിയുന്നത്. സായ്നാഥിനോട് ഇതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തു. ഇതില്‍ ദേഷ്യം പൂണ്ട സായ്നാഥ് അമ്മയെയും സഹോദരിയെയും ഒഴിവാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.

നവംബര്‍ 23ന് കീടനാശിനി വാങ്ങിയ സായ്നാഥ് സുനീത ടിവി കാണുന്ന സമയത്ത് ഇത് ആഹാരത്തില്‍ കലര്‍ത്തി. തുടര്‍ന്ന് ഇയാള്‍ പുറത്തേക്ക് പോവുകയും ചെയ്തു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ സുനീതക്കും അനൂജക്കും അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പല തവണ സായ്നാഥിന്‍റെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ ഓഫായിരുന്നു. രാത്രി 9 മണിയോടെ സായ്നാഥ് ഫോണ്‍ ഓണാക്കിയപ്പോള്‍ അമ്മയുടെ മെസേജ് കണ്ടതിനെതുടര്‍ന്ന് സഹോദരിയെ തിരിച്ചു വിളിച്ചു. വീട്ടിലെത്തിയ സായ് നാഥ് അവരെ ആശുപത്രിയിലെത്തിക്കാതെ അബോധവസ്ഥയിലാകുന്നതുവരെ കാത്തിരുന്നു. പിന്നീടാണ് ആശുപത്രിയിലെത്തിച്ചത്. അതീവഗുരുതരാവസ്ഥയിലായ അനൂജ നവംബര്‍ 27നും സുനീത 28നുമാണ് മരിച്ചത്. സംശയം തോന്നിയ ബന്ധുക്കള്‍ സായ്നാഥിനെ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സായ്നാഥിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here