അങ്കാറ: തുര്‍ക്കിയിലും ഗ്രിസിലുമായുണ്ടായ ഭൂചലനത്തില്‍ 94 പേരാണ് ഇതുവരെ മരിച്ചത്. റിക്ടര്‍ സ്‌കെയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തുര്‍ക്കിയില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് വയസുകാരിയായ എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടിയെ 65 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. മൂന്ന് വയസുകാരിയെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കണ്ടെത്തിയ അഗ്നിശമന സേനാ അംഗം മുആമ്മിര്‍ സെലിക്ക് തന്റെ ഹൃദയം നടുങ്ങിയ അനുഭവം പങ്കുവെക്കുകയാണ്.
‘ഭൂചലനമുണ്ടായി മൂന്നാം ദിവസം ശേഷം മൃതദേഹങ്ങള്‍ക്ക് വേണ്ടിയും അവശേഷിക്കുന്ന ജീവന്റെ തുടിപ്പുകള്‍ക്കും വേണ്ടിയുമുള്ള തിരച്ചിലിലാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ അനക്കില്ലാതെ പൊടിയില്‍ പൊതിഞ്ഞ നിലയില്‍ കിടക്കുകയായിരുന്നു ആ മൂന്ന് വയസുകാരി. ഒറ്റനോട്ടത്തില്‍ മരിച്ചെന്നുറപ്പിച്ച് സഹപ്രവര്‍ത്തകനോട് ബോഡി ബാഗ് ചോദിച്ചു. ശേഷം അവളുടെ മുഖം തുടയ്ക്കാന്‍ കൈ നീട്ടിയപ്പോള്‍ ഞാന്‍ ഞെട്ടി, അവള്‍ കണ്‍ തുറന്ന് തന്റെ തള്ളവിരല്‍ പിടിച്ചു. അവിടെ ഞാനൊരു അത്ഭുതം കണ്ടു’ ഇസ്താംബൂള്‍ അഗ്നിശമന സേനാ അംഗം സെലിക്ക് പറഞ്ഞു.
മൂന്ന് ദിവസം പൂര്‍ണ്ണമായും അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്നു എലിഫ് പെരിന്‍സെക് എന്ന പെണ്‍കുട്ടി. തൊട്ടുസമീപത്തായി അവള്‍ കിടന്നിരുന്ന ബെഡുമുണ്ടായിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് 106 ജീവനുകള്‍ ഇതുവരെയായി രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് തുര്‍ക്കി അഗ്നിശമന സേന അറിയിച്ചു.
എലിഫിന്റെ അമ്മയേയും ഇരട്ടകളായ രണ്ട് സഹോദരിമാരേയും രണ്ടു ദിവസം മുമ്പ് രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ ആറ് വയസുകാരനായ സഹോദരനെ രക്ഷിക്കാനായില്ല. ജീവനോടെയാണ് പുറത്തെടുത്തതെങ്കിലും സഹോദരന്‍ പിന്നീട് മരിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് ഭൂകമ്പമാപിനിയില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തുര്‍ക്കിക്കും സമോസിനും ഇടയില്‍ 16.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ആയിരത്തോളം പേര്‍ക്ക് ഭൂചലനത്തില്‍ പരിക്കേറ്റിട്ടുണ്ട്. 200 ഓളം പേര്‍ നിലവില്‍ ആശുപത്രിയിലുണ്ട്.