കുമ്പള: കേരളത്തിലെ പോലീസ് സേന ജനസേവകരായി മാറിയിട്ടുണ്ടെന്ന് ഗൾഫിലെ പ്രമുഖ മലയാളി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം അബ്ബാസ് അഭിപ്രായപ്പെട്ടു .
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ കുമ്പള പോലീസ് സീനിയർ സിവിൽ ഓഫീസർ മഹേന്ദ്രനെ ദുബൈ മലബാർ കലാ സാംസ്കാരിക വേദി ആദരിച്ച ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പഴയകാലത്തെ പോലീസ് സംവിധാനമല്ല ഇന്നുള്ളത്. ഉന്നത വിദ്യാഭ്യാസവും സമൂഹത്തോട് പ്രതിബദ്ധതയും ഉള്ള ധാരാളം ആളുകൾ സേനയിൽ എത്തിയിട്ടുണ്ട്. ഇത് പോലീസ് സേനയുടെ മുഖഛായ മാറ്റി. ആത്യന്തികമായി ജനസംരക്ഷകരാകണം പോലീസ്. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കണമെന്ന് കെ.എം അബ്ബാസ് പറഞ്ഞു .
മൊഗ്രാൽ പുത്തൂർ ഗ്രാമ പാഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ മുജീബ് കമ്പാർ അധ്യക്ഷത വഹിച്ചു. കുമ്പള പഞ്ചായത് പ്രസിഡന്റ് പുണ്ഡരീകാക്ഷൻ ഉദ്ഘാടനം ചെയ്തു. കുമ്പള പഞ്ചായത് അസി സെക്രട്ടറി പി.ടി ദീപേഷ്, അസിസ്റ്റൻഡ് എഞ്ചിനീയർ ശരത് കുമാർ, അഷ്റഫ് കൊടിയമ്മ, യുസഫ് ഉളുവാർ, സമീർ കുമ്പള ആശംസ അർപ്പിച്ചു. ദുബൈ മലബാർ കലാസാംസ്കാരിക വേദി ഗ്ലോബൽ ജനറൽ കൺവീനർ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.
മഹേന്ദ്രന് കെ എം അബ്ബാസ് ഉപഹാരം നൽകി. കുമ്പള ഗ്രാമ പഞ്ചായത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി എൻ. മുഹമ്മദലി പൊന്നാട അണിയിച്ചു .ബി എ റഹ്മാൻ നന്ദി പറഞ്ഞു.