കൂട്ടുകാർക്കിടയിൽ ‘ഷൈൻ’ ചെയ്യാനായി കിഡ്‌നി വിറ്റ് ഐഫോൺ വാങ്ങി; ഒടുവിൽ രണ്ടാമത്തെ കിഡ്‌നിയും തകരാറിലായി ഡയാലിസിസിൽ അഭയം തേടി യുവാവ്

0
214

ബീജിങ്: പൊങ്ങച്ചം കാണിക്കാനായി ബ്രാൻഡഡ് പ്രോഡക്ടുകൾ ഇല്ലാത്ത പണം ഉണ്ടാക്കി വാങ്ങിച്ച് ഉപയോഗിക്കാൻ ശ്രമിക്കുന്നവർ തീർച്ചയായും അറിയണം ഈ യുവാവിന്റെ ദുരവസ്ഥ. വിലകൂടിയ ഐഫോൺ വാങ്ങിക്കാനായി പണം കണ്ടെത്താൻ കിഡ്‌നി വിറ്റ യുവാവാണ് ഇപ്പോൾ ജീവൻ നിലനിർത്താനായി ഡയാലിസിസിനെ ആശ്രയിക്കുന്നത്. കിഡ്‌നി വിറ്റാലേ എനിക്കൊക്കെ ഐഫോൺ വാങ്ങിക്കാനാകൂ എന്ന് പലരും തമാശ പറയാറുണ്ടെങ്കിലും ആരും അതിന് മുതിരാറില്ല. പക്ഷെ 2011ൽ ഇക്കാര്യം ചെയ്ത് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് വീണു പോയിരിക്കുകയാണ് ചൈനയിലെ 25കാരനായ ഈ യുവാവ്.

അന്ന് 2011ൽ വിപണിയിലുണ്ടായിരുന്ന വിലകൂടിയ ഐ ഫോൺ4ഉം ഐപാഡ് 2ഉം വാങ്ങാനായാണ് പതിനേഴുകാരനായ വാങ് ഷാങ്കു തന്റെ കിഡ്‌നി വിറ്റത്. അധികൃതമായായിരുന്നു കിഡ്‌നി കൈമാറ്റം. ഓൺലൈനിലൂടെ പരിചയപ്പെട്ട അവയവ കച്ചവടക്കാരനാണ് വാങിന് പണം നൽകി കിഡ്‌നി വാങ്ങിയത്. 20000 യുവാൻ (ഏകദേശം 2,27,310 ഇന്ത്യൻ രൂപ) ആയിരുന്നു ഒരു കിഡ്‌നിക്ക് ഓഫർ. രണ്ട് കിഡ്‌നി തനിക്ക് ആവശ്യമില്ലെന്നും ഒരു കിഡ്‌നി തന്നെ ധാരാളമാണെന്നും അന്ന് വാങ് അവകാശപ്പെട്ടിരുന്നെന്നും ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

നിർധന കുടുംബത്തിൽ ജനിച്ച വാങിന് അന്ന് എന്തുവിലകൊടുത്തും ഐഫോൺ വാങ്ങിക്കണമെന്ന ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നതും. കിഡ്‌നി വിറ്റ് ഐഫോൺ വാങ്ങാൻ ശ്രമിച്ചത് തന്നെ പോലെ ദാരിദ്രം കൈമുതലായുണ്ടായിരുന്ന കൂട്ടുകാരുടെ മുന്നിൽ ആളാകാൻ വേണ്ടിയായിരുന്നു.

അതേസമയം, ഒരു കിഡ്‌നി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതിന് പിന്നാലെ മാസങ്ങൾക്ക് അപ്പുറം വാങിന്റെ രണ്ടാമത്തെ കിഡ്‌നിയിൽ അണുബാധയുണ്ടാവുകയായിരുന്നു. കാര്യങ്ങൾ വഷളായതോടെ വാങ് കിടപ്പിലാകുകയും ഡയാലിസിസിന് വിധേയനാകേണ്ടി വരികയും ചെയ്തു.

സംഭവം വിവാദമായതോടെ യുവാവിന് ശസ്ത്രക്രിയ നടത്തിയ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ഉൾപ്പടെ ഒമ്പത് പേർ അറസ്റ്റിലായി. പിന്നീട് കേസിനെത്തുടർന്ന് യുവാവിന്റെ കുടുംബത്തിന് ഈയടുത്ത് നഷ്ടപരിഹാരത്തുകയായി 3,00,000 ഡോളർ ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here