പ്ലേഓഫില്‍ പ്രവേശിച്ചെങ്കിലും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഐ.പി.എല്‍ കിരീടം നേടാനുള്ള കരുത്തൊന്നുമില്ലെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. തുടര്‍തോല്‍വികളുമായി ബാംഗ്ലൂര്‍ പ്രതീക്ഷകളെല്ലാം നശിപ്പിച്ചിരിക്കുകയാണെന്നും ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമാണ് അവരുടെ ബാറ്റിംഗ് നിരയില്‍ കരുത്ത് കാണിക്കുന്നതെന്നും വോണ്‍ പറഞ്ഞു.
‘ബാംഗ്ലൂര്‍ ഇത്തവണ കപ്പ് നേടുമെന്നായിരുന്നു ടൂര്‍ണമെന്റിന്റെ ആദ്യം കരുതിയത്. എന്നാല്‍ രണ്ടാം പാദത്തില്‍ തുടര്‍ തോല്‍വികളുമായി വളരെ മോശം പ്രകടനമാണ് അവര്‍ നടത്തിയത്. കളി ജയിക്കാന്‍ മാത്രമുള്ള കരുത്ത് അവര്‍ക്കില്ല. കൂട്ടായ പരിശ്രമത്തിലൂടെ കിരീടം നേടാന്‍ ബാംഗ്ലൂരിന് ഇത്തവണയും സാധിക്കില്ല. 2020ല്‍ എന്ത് വേണമെങ്കിലും സാധ്യമാണ്. ലോകം തലകീഴായി മറിഞ്ഞ സമയമാണ്. ആര്‍ക്കറിയാം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്. ചിലപ്പോള്‍ കോഹ്‌ലി ഇടത് കൈ കൊണ്ട് ബാറ്റ് ചെയ്ത് ടീമിനെ ജയിപ്പിക്കുന്നത് കാണാം.’
‘വമ്പന്‍ സ്‌കോര്‍ നേടാന്‍ സാധിക്കുന്ന വലിയ താരങ്ങള്‍ ബാംഗ്ലൂരില്‍ അധികമില്ല. ഒന്നോ രണ്ടോ താരങ്ങള്‍ മാത്രമാണ് അവരുടെ ബാറ്റിംഗ് നിരയില്‍ കരുത്ത് കാണിക്കുന്നത്. ഇതില്‍ നിന്നും തി്കച്ചും വ്യത്യസ്തമാണ് മറ്റ് ടീമുകളുടെ കാര്യം. നിര്‍ണായക ഘട്ടത്തില്‍ കളി ജയിപ്പിക്കാന്‍ കരുത്തുള്ള നിരവധി താരങ്ങള്‍ അവര്‍ക്കുണ്ട്. എന്നാല്‍ സമ്മര്‍ദ ഘട്ടങ്ങളില്‍ കടുത്ത ആത്മവിശ്വാസത്തോടെ കളിക്കുന്ന താരങ്ങള്‍ ബാംഗ്ലൂരിന് ഇല്ല.’
‘അഗ്രസീവായി കളിക്കുക എന്നതാണ് ഇനി ബാംഗ്ലൂരിന് മുന്നിലുള്ള ഏക മാര്‍ഗം. ഏത് എതിരാളിക്കെതിരെയും കൗണ്ടര്‍ അറ്റാക്കിംഗ് നടത്തിയാല്‍ മാത്രം ബാംഗ്ലൂരിന് ഇനി മുന്നോട്ട് പോകാം. കോഹ്‌ലി കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ ജയിപ്പിക്കാന്‍ ശ്രമിക്കണം. ഒരുപാട് കളിക്കാര്‍ കരിയറില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. കോഹ്‌ലിയെ സംബന്ധിച്ച് ഇപ്പോഴുള്ളത് ഫോമൗട്ടല്ല. 400 റണ്‍സിന് മുകളില്‍ അദ്ദേഹം നേടിയിട്ടുണ്ട്. സ്ട്രൈക്ക് റേറ്റ് 122 ഉണ്ട്. പക്ഷേ അതിനേക്കാള്‍ മുകളില്‍ കളിക്കാന്‍ കോഹ്‌ലിക്ക് സാധിക്കും.’ വോണ്‍ വിലയിരുത്തി.