ഉത്തർപ്രദേശിലെ കാൺപൂരിൽ ഏഴ് വയസുകാരിയെ കൊന്ന് അവയവങ്ങൾ പുറത്ത് എടുത്തു. ദീപാവലി ദിവസം കാണാതായ പെൺകുട്ടിയുടെ മൃതദേഹം ഞായറാഴ്ചയാണ് കിട്ടിയത്.
ശരീരത്തിൽ നിന്ന് കരൾ, ശ്വാസകോശം എന്നിവ അറുത്ത് മാറ്റിയ നിലയിലാണ്. ദുർമന്ത്രവാദത്തിന് വേണ്ടിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും ബലാത്സംഗത്തിനു ഇരയായതായി സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
ഉത്തർപ്രദേശ് ഗാട്ടംപൂരിലാണ് സംഭവം നടന്നത്. ദീപാവലി ഒരുക്കങ്ങൾക്കിടെ ഗ്രാമത്തിലെ കര്‍ഷകനായ കരൺ സങ്‍വാറിന്‍റെ മകളെ ശനിയാഴ്ച വൈകീട്ട് വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. കുട്ടിയെ അന്വേഷിച്ച് ബന്ധുക്കൾ സമീപത്തെ വനപ്രദേശങ്ങളിലടക്കം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിറ്റേ ദിവസം ചില ഗ്രാമവാസികളാണ് വഴിയരികിൽ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്.
പെൺകുട്ടിയുടെ ഗ്രാമത്തിലെ കുട്ടികളില്ലാത്ത ദമ്പതികൾ കുട്ടിയുടെ അയൽവാസികളായ രണ്ട് പുരുഷന്മാർക്ക് 1,000 രൂപ നൽകിയെന്ന് പൊലീസ് പറഞ്ഞു. ഇവരാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. മദ്യപിച്ചിരുന്ന ഇവര്‍ കുട്ടിയെ പീഡിപ്പിക്കാനും ശ്രമിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കരള്‍ അറുത്ത് മാറ്റി മന്ത്രവാദത്തിനായി ദമ്പതികള്‍ക്ക് നല്‍കി. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ അങ്കുര്‍, ബീരാന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവര്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. അങ്കുറിന്‍റെ അമ്മാവനായ പരശുരാം എന്നയാൾ കുറച്ച് പണം നൽകിയെന്ന് അവർ പറഞ്ഞുതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ബ്രജേഷ് ശ്രീവാസ്തവ പറഞ്ഞു. 1999ല്‍ വിവാഹിതനായ പരശുറാമിന് മക്കളില്ല.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. അതിവേഗ കോടതിയിൽ കേസ് പരിഗണിക്കുമെന്നും അതിനാൽ പ്രതികൾക്ക് എത്രയും വേഗം ശിക്ഷ ലഭിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.