കര്‍ഷകരെ തടയാന്‍ റോഡില്‍ മണ്ണും കോണ്‍ക്രീറ്റ് ബാരികേഡുമായി പൊലീസ്; സംഘര്‍ഷ സാധ്യത

0
196

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ച് ഏത് വിധേയനെയും തടയാന്‍ ദല്‍ഹി പൊലീസിന്റെ നീക്കം. ദല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ബാരിക്കേഡും ലോറികളില്‍ മണ്ണും എത്തിച്ചാണ് മാര്‍ച്ച് തടയാനുള്ള ശ്രമം.

ദല്‍ഹിയിലേക്ക് ഒരു കര്‍ഷകനെ പോലും കടത്തിവിടില്ലെന്നാണ് ദല്‍ഹി പൊലീസിന്റെ തീരുമാനം. അതിര്‍ത്തികളില്‍ കര്‍ശന വാഹന പരിശോധനയും പൊലീസ് നടത്തുന്നുണ്ട്.

മാര്‍ച്ച് എത്തുമ്പോള്‍ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ നിരത്താനും റോഡില്‍ മണ്ണിടാനുമാണ് പൊലീസിന്റെ തീരുമാനം. ഇതിന് മുന്നോടിയായി ട്രക്കുകളില്‍ മണ്ണും ദല്‍ഹി അതിര്‍ത്തിയില്‍ എത്തിച്ചിട്ടുണ്ട്.

അതേസമയം ഏത് വിധേനയും അതിര്‍ത്തി കടന്ന് ദല്‍ഹിയിലെത്താനാണ് കര്‍ഷകരുടെ തീരുമാനം. വിജയം കാണാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ ചലോ ദല്‍ഹി മാര്‍ച്ചുമായി ദല്‍ഹിയില്‍ എത്തിച്ചേരുക.

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500-ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വിലക്ക് ലംഘിച്ച് കര്‍ഷകര്‍ ദല്‍ഹിയില്‍ എത്തിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കുമെന്നാണ് ദല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

നവംബര്‍ 26നും 27നും ദല്‍ഹിയില്‍ മാര്‍ച്ച് നടത്താനാണ് വിവിധ കര്‍ഷക സംഘടനകളുടെ പരിപാടി. പാര്‍ലമെന്റ് കര്‍ഷക ബില്‍ പാസാക്കിയതിന്റെ അടുത്ത ദിവസം മുതല്‍ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷമായ പ്രതിഷേധം നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here