തൃശൂർ: മതിലകത്ത് സഹോദരൻമാർ ഒരേ വാർഡിൽ പോരാട്ടത്തിനൊരുങ്ങുന്നു. പഞ്ചായത്ത് പതിനാറാം വാർഡിലാണ് സഹോദരങ്ങൾ മത്സരത്തിന് ഇറങ്ങുന്നത്. കൂളിമുട്ടം ഏറംപുരക്കൽ പരേതനായ കുട്ടന്റെയും മാളുവിന്റെയും മക്കളായ ഇ കെ ബിജുവും ഇ കെ ബൈജുവുമാണ് മത്സര രംഗത്തുള്ളത്.
48കാരനായ ബിജു എൽ ഡി എഫിലെ സി പി എം സ്ഥനാർത്ഥിയും 43 വയസുളള ബൈജു യു ഡി എഫിലെ കോൺഗ്രസ് സ്ഥനാർത്ഥിയുമാണ്. പാപ്പിനിവട്ടം സഹകരണ ബാങ്ക് പ്രസിഡൻറായ ബിജു സി പി എം കൂളിമുട്ടം പൊക്ലായ് ബ്രാഞ്ച് സെക്രട്ടറിയാണ്. ജന സേവന സംഘടനയായ പൊക്ലായി കൂട്ടായ്മയുടെ ഭാരവാഹിയായും മറ്റു നിലകളിലും ജനങ്ങളോടൊപ്പം നില കൊള്ളുന്നു.
സാമുഹ്യ സംഘടനകളിലും പ്രദേശത്തും കർമ്മനിരതനായ ബൈജു മത്സ്യത്തൊഴിലാളി കോൺഗ്രസ് കൈപ്പമംഗലം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, കോൺഗ്രസ് മതിലകം മണ്ഡലം വൈസ് പ്രസിഡന്റ്, കൂളിമുട്ടം മത്സ്യ തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ്, ശിവസ്ഥാനം ശിവഗംഗ ക്ഷേത്രം സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നു.
ഇതുവരെ കോൺഗ്രസ് ജയിക്കാത്ത പൊക്ലായി വാർഡ് പിടിച്ചെടുക്കാനുളള ദൗത്യമാണ് പാർട്ടി ബൈജുവിനെ ഏൽപ്പിച്ചിരിക്കുന്നത്. എന്നാൽ, വാർഡ് കൂടുതൽ മികവോടെ നിലനിർത്താനുളള ദൗത്യമാണ് ബിജുവിന്റെ ചുമലിലുളളത്. മാതാവ് മാളുവിന്റെ അനുഗ്രഹം വാങ്ങിയാണ് ഇരുവരും പ്രചാരണ രംഗത്തേക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്.
എന്നാൽ, പോരാട്ടം ഒരിക്കലും സഹോദര ബന്ധത്തെ ബാധിക്കില്ലെന്ന് ഇരുവരും വ്യക്തമാക്കി. വ്യത്യസ്ത പ്രസ്ഥാനങ്ങളും നിലപാടുകളും ആശയങ്ങളും വികസന കാഴ്ചപ്പാടുകളും തമ്മിലുളള ഏറ്റുമട്ടൽ വ്യക്തിപരമല്ലെന്നും എന്നാൽ ആരോഗ്യപരമായിരിക്കുമെന്നും ഇരുവരും പറയുന്നു.