ഒരു പഞ്ചായത്തംഗത്തിന് ലഭിക്കുന്ന ശമ്പളം എത്ര? മറ്റു ആനുകൂല്യങ്ങള്‍ എന്തൊക്കെ എന്നറിയാം

0
206

സംസ്ഥാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ചൂടിലാണ്. സ്ഥാനാര്‍ത്ഥികളാവാനുള്ള ഓട്ടത്തിലാണ് പലരും. ജനസേവനത്തിനുള്ള അവസരമായാണ് ഈ സ്ഥാനലബ്ധിയെ പലരും കാണുന്നത്. അതേസമയം ഇവര്‍ക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുമുണ്ട്. എന്താണ് ഇതിന്റെ യാഥാര്‍ത്ഥ്യം? ഒരു പഞ്ചായത്ത് അംഗത്തിന് ലഭിക്കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും എന്തൊക്കെയാണെന്ന് ഒന്നു പരിശോധിക്കാം…

ഗ്രാമപ‍ഞ്ചായത്ത്

തദ്ദേശ സംവിധാനത്തിലെ ഏറ്റവും താഴെത്തട്ടിലെ സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റിന് മാസം 13,200 രൂപയാണ് ഓണറേറിയം. വൈസ് പ്രസിഡന്റിന് 10,600 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8,200 രൂപയുമാണ് ലഭിക്കുക. അംഗങ്ങൾക്ക് 7000 രൂപ മാത്രമാണ് പ്രതിമാസം നല്‍കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലായി 15,962 ജനപ്രതിനിധികളുണ്ട്.

ബ്ലോക്ക് പഞ്ചായത്ത്

ബ്ലോക്ക് പഞ്ചായത്തുകളില്‍ പ്രസിഡന്റിന് 14,600 രൂപയും വൈസ് പ്രസിഡന്റിന് 12,000 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 8800 രൂപയുമാണു പ്രതിമാസം ഓണറേറിയം. അംഗങ്ങൾക്ക് 7,600 രൂപയാണ് പ്രതിമാസം അനുവദിക്കുന്നത്. സംസ്ഥാനത്ത് 152 ബ്ലോക്ക് പഞ്ചായത്തുകളാണുള്ളത്. ആകെ 2080 വാര്‍ഡുകളും.

ജില്ലാ പഞ്ചായത്ത്

തദ്ദേശ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന ഓണറേറിയം ലഭിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും കോര്‍പറേഷനുകള്‍ക്കുമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പ്രതിമാസം 15,800 രൂപയും വൈസ് പ്രസിഡന്റിന് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 9,400 രൂപയും അംഗങ്ങൾക്ക് 8800 രൂപയുമാണ് ഓണറേറിയം.

മുനിസിപ്പാലിറ്റി

സംസ്ഥാനത്ത് 86 മുനിസിപ്പാലിറ്റികളും ആകെ 3,078 വാര്‍ഡുകളുമുണ്ട്. മുനിസിപ്പാലിറ്റികളും കോര്‍പറേഷനുകളിലും വാര്‍ഡ് അംഗങ്ങളെ കൗണ്‍സിലര്‍ എന്നാണ് വിളിക്കുന്നത്. മുനിസിപ്പാലിറ്റിയില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇല്ല, പകരം ചെയര്‍മാനും വൈസ് ചെയര്‍മാനുമാണ്.

ചെയര്‍മാന് 14,600 രൂപയും വൈസ് ചെയര്‍മാന് 12,000 രൂപയുമാണ് പ്രതിമാസം ഓണറേറിയം. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്ക് 9400 രൂപയും കൗണ്‍ലിസര്‍മാര്‍ക്ക് 7,600 രൂപയും ലഭിക്കും.

കോര്‍പറേഷന്‍

സംസ്ഥാനത്ത് 6 കോര്‍പറേഷനുകളുണ്ട്. തലസ്ഥാനമായ തിരുവനന്തപുരമാണ് ഏറ്റവും പഴയ കോര്‍പറേഷന്‍. 1962ല്‍ കോഴിക്കോടും 1967ൽ കൊച്ചിയും കോര്‍പറേഷനുകളായി. നീണ്ട 30 വര്‍ഷത്തിന് ശേഷം 2000ത്തില്‍ കൊല്ലവും തൃശൂരും കോര്‍പറേഷനുകളായി. 2015ല്‍ കണ്ണൂര്‍ കോര്‍പറേഷന്‍ ആയി ഉയര്‍ന്നു.

കോര്‍പറേഷന്‍ മേയര്‍ക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനും ഒരേ ഓണറേറിയമാണ്. 15,800 രൂപ. ഡപ്യൂട്ടി മേയര്‍ക്ക് 13,200 രൂപയും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന് 9,400 രൂപയും കൗണ്‍സിലര്‍ക്ക് 8,200 രൂപയുമാണ് ലഭിക്കുന്നത്.

ഹാജര്‍ ബത്ത

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കും മുനിസിപ്പാലിറ്റികളിലെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവി വഹിക്കുന്നവര്‍ക്കും കോര്‍പറേഷനുകളിലെ മേയര്‍മാര്‍ക്കും ഡപ്യൂട്ടി മേയര്‍മാര്‍ക്കും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും ഒരു യോഗത്തിന് 250 രൂപ ഹാജര്‍ ബത്ത ലഭിക്കും.

ഒരുമാസം പരമാവധി 1,250 രൂപയാണ് ഹാജര്‍ ബത്തയായി എഴുതിയെടുക്കാനാവുക. ഗ്രാമപഞ്ചായത്ത് മുതല്‍ കോര്‍പറേഷന്‍ വരെയുള്ള സമിതികളിലെ അംഗങ്ങൾക്ക് 200 രൂപയാണ് ഒരു യോഗത്തിന് ഹാജര്‍ ബത്ത. ഇവര്‍ക്ക് പ്രതിമാസം പരമാവധി 1,000 രൂപ എഴുതിയെടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here