മുണ്ടക്കയം: കോട്ടയം കൂട്ടിക്കൽ പഞ്ചായത്ത് 11ാം വാർഡിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായാലും വലതു മുന്നണി സ്ഥാനാർത്ഥിയായാലും ആരു തന്നെ ജയിച്ചാലും മെമ്പർ ആവുക ജെസി ജോസ് തന്നെ. ഒരേ പേരിൽ രണ്ട് സ്ഥാനാർത്ഥികൾ പോരിനിറങ്ങുമ്പോൾ ഇരുവരെയും തിരിച്ചറിയാനുള്ള ഏക വഴി ചിഹ്നവും വീട്ടുപേരും മാത്രം.
പഞ്ചായത്തിന്റെ ടൗൺ വാർഡിൽ ഇടത്, വലത് മുന്നണികളുടെ സ്ഥാനാർത്ഥികൾ രണ്ടുപേരും ജെസി ജോസാണ്. എൽഡിഎഫിനായി കേരള കോൺഗ്രസിന്റെ ജെസി ജോസ് അരിമറ്റത്ത് മത്സരിക്കുമ്പോൾ യുഡിഎഫിൽ ജെസി ജോസ് ചള്ളവയലിലാണ് മത്സരിക്കുന്നത്.
മുൻ പഞ്ചായത്ത് പ്രസിഡന്റാണ് ജെസി ജോസ് അരിമറ്റത്ത്. കഴിഞ്ഞ മൂന്നു ടേമുകളിൽ പഞ്ചായത്ത് അംഗമായി കേരള കോൺഗ്രസ് പാർട്ടിയിൽനിന്ന് യുഡിഎഫിന്റെ ഭാഗമായിരുന്ന അരിമറ്റത്ത് ജെസി ഇക്കുറി ഇടതുപക്ഷ സ്ഥാനാർത്ഥിയായി എത്തുന്നു. കോൺഗ്രസ് പാരമ്പര്യമുള്ള ചള്ളവയലിൽ കുടുംബത്തിൽ നിന്ന് മത്സരത്തിന് എത്തിയ യുഡിഎഫിലെ ജെസി ജോസിന് കൈമുതലായിട്ടുള്ളത് കുടുംബശ്രീ പ്രവർത്തനപാരമ്പര്യമാണ്.