ഹൈദരാബാദ് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയെ പിന്തുണയ്ക്കില്ലെന്ന് മുസ്ലീം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഹൈദരാബാദില്‍ ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീനെ ലീഗ് പിന്തുണയ്ക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുപിഎ അല്ലാതെ മറ്റൊരു കക്ഷിക്കും വോട്ട് കൊടുക്കില്ല. അത്തരത്തിലുള്ള ഒരു നീക്കവുമില്ല. ഉവൈസിയുടെ പാര്‍ട്ടിയെ മുസ്ലീം ലീഗ് പിന്തുണയ്ക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സോളാറിന്റെ പേരില്‍ ഇപ്പോള്‍ തന്നെ ഇടതുപക്ഷം ക്ഷീണിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഇടതുപക്ഷം പരസ്പരമാണ് പോരാട്ടം നടത്തുന്നത്. ഉമ്മന്‍ ചാണ്ടി നിരപരാധി ആണെന്ന് അന്നേ അറിയാമായിരുന്നു. അതുകൊണ്ട് മറ്റുള്ളവര്‍ കുറ്റക്കാരാണെന്ന് അര്‍ഥമില്ല. ഇടതുപക്ഷത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രതികാര നടപടി നേരിടുന്നത് ലീഗാണ്. ലീഗ് എംഎല്‍എമാര്‍ ചെയ്തുവെന്ന് ആരോപിക്കുന്ന കുറ്റത്തേക്കാള്‍ വലിയ പീഡനമാണ് ഏറ്റുവാങ്ങുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ ഒന്നിനാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പ്. നാലിനാണ് വോട്ടെണ്ണല്‍. 150 സീറ്റുകളാണ് ആകെയുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടിആര്‍എസ് 99 സീറ്റ് നേടി കോര്‍പറേഷന്‍ പിടിച്ചിരുന്നു. മജ്‌ലിസ് 44 സീറ്റും എന്‍ഡിഎ നാലും കോണ്‍ഗ്രസും ടിഡിപി ഒരു സീറ്റും നേടി. ഇന്ത്യയിലെ ഏറ്റവും വലിയ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ഒന്നാണ് ഹൈദരാബാദ്. 625 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള വിശാല ഹൈദരാബാദില്‍ 69 ലക്ഷം പേര്‍ വസിക്കുന്നു.