കൊളംബോ: മുൻ ഇന്ത്യൻ ഓൾറൗണ്ടറും കമൻ്റേറ്ററുമായ ഇർഫാൻ പത്താൻ ലങ്ക പ്രീമിയർ ലീഗിൽ കളിക്കും. കാൻഡി ടസ്കേഴ്സ് ഫ്രാഞ്ചൈസി ആണ് ഇന്ത്യൻ ഓൾറൗണ്ടറെ ടീമിൽ എടുത്തിരിക്കുന്നത്. ക്രിസ് ഗെയിൽ, ലിയാം പ്ലങ്കറ്റ്, വഹാബ് റിയാസ് തുടങ്ങിയ രാജ്യാന്തര താരങ്ങൾക്കൊപ്പമാണ് 36കാരനായ ഇർഫാൻ പത്താൻ കളിക്കുക.
നേരത്തെ അഞ്ച് വിദേശ താരങ്ങൾ ലീഗിൽ നിന്ന് പിന്മാറിയിരുന്നു. ആന്ദ്രേ റസൽ, ഫാഫ് ഡുപ്ലെസി, മൻവിന്ദർ ബിസ്ല, ഡേവിഡ് മില്ലർ, ഡേവിഡ് മലൻ എന്നിവരാണ് പിന്മാറിയത്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്നാണ് റസലിന്റെ പിന്മാറ്റം. ഇംഗ്ലണ്ടിനെതിരായ ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഡുപ്ലസി, ഡേവിഡ് മില്ലർ, ഡേവിഡ് മലൻ എന്നിവർ വിട്ടുനിൽക്കുന്നത്.
റസൽ, മില്ലർ, ഡുപ്ലെസി എന്നിവർ വിവിധ ഫ്രാഞ്ചൈസികളുടെ മാർക്വീ താരങ്ങളായിരുന്നു. പിന്മാറിയ താരങ്ങൾക്ക് പകരം ഫ്രാഞ്ചൈസികൾക്ക് മറ്റ് താരങ്ങളെ ടീമിൽ ഉൾപ്പെടുത്താം.
ലങ്ക പ്രീമിയർ ലീഗ് നവംബർ 21 മുതൽ ആരംഭിക്കും. അഞ്ച് ടീമുകളാണ് ലീഗിൽ ഉള്ളത്. രണ്ട് ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 താരങ്ങൾ ലങ്ക പ്രീമിയർ ലീഗിൽ പങ്കെടുക്കും. നേരത്തെ നവംബർ 14നു നിശ്ചയിച്ചിരുന്ന ലീഗ് ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് റീഷെഡ്യൂൾ ചെയ്യുകയായിരുന്നു. നവംബർ 10നാണ് ഐപിഎൽ അവസാനിക്കുക. ഓഗസ്റ്റ് 28 മുതൽ ലങ്ക പ്രീമിയർ ലീഗ് ആരംഭിക്കാനാണ് ശ്രീലങ്ക തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് മാനദണ്ഡങ്ങൾ കാരണം ലീഗ് നീട്ടിവെക്കുകയായിരുന്നു.