ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ കാണികൾക്ക് പ്രവേശനം

0
165

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ കാണികൾക്ക് പ്രവേശനം ഉണ്ടാവുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. പര്യടനത്തിലെ നാല് ടെസ്റ്റ് മത്സരങ്ങളാണ് കാണികൾക്ക് നേരിട്ട് കാണാൻ കഴിയുക. ആകെയുള്ള ഇരിപ്പിടങ്ങളിൽ 25-75 ശതമാനം കാണികളെ പ്രവേശിപ്പിക്കാം. സീറ്റ് വിതരണം എങ്ങനെയാണെന്നതടക്കമുള്ള മറ്റ് വിവരങ്ങൾ അറിവായിട്ടില്ല.

അഡെലൈഡ് ഓവലിൽ നടക്കുന്ന ആദ്യ മത്സരത്തിൽ 50 ശതമാനം കാണികൾക്കാണ് പ്രവേശനം ലഭിക്കുക. 27000 കാണികൾക്ക് ഓരോ ദിവസവും കളി കാണാനെത്താം. ഡേനൈറ്റ് മത്സരമായ ഈ ടെസ്റ്റിൽ മാത്രമേ ഇന്ത്യൻ നായകൻ വിരാട് കോലി കളിക്കൂ. മെൽബണിൽ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ 25000 കാണികൾക്ക് ഓരോ ദിവസവും കളി കാണാം. സിഡ്നിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ 50 ശതമാനം കാണികൾക്ക് അഥവാ 23000 കാണികൾക്ക് പ്രവേശനം അനുവദിക്കും. ഗാബ്ബയിൽ നടക്കുന്ന നാലാം ടെസ്റ്റ് മത്സരത്തിലാണ് ഏറ്റവുമധികം കാണികളെ പ്രവേശിപ്പിക്കുക. 75 ശതമാനം അല്ലെങ്കിൽ 30000 കാണികൾക്കാണ് ഗാബ്ബയിൽ ദിനേന പ്രവേശനം അനുവദിക്കുക.

ഡിസംബർ 17 നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുക. നവംബർ 27ന് ഏകദിന പരമ്പരയോടെ തുടങ്ങുന്ന പര്യടനത്തിൽ ടി-20 പരമ്പരയും ഉൾപ്പെട്ടിട്ടുണ്ട്. ആദ്യ ടെസ്റ്റിനു ശേഷം ക്യാപ്റ്റൻ വിരാട് കോലിക്ക് പറ്റേണിറ്റി ലീവ് അനുവദിച്ചിരുന്നു. നാല് ടെസ്റ്റ് മത്സരങ്ങളിൽ അവസാന മൂന്നെണ്ണത്തിലും കോലി ഉണ്ടാവില്ല. കോലിയുടെ അഭാവത്തിൽ രോഹിത് ശർമ്മയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഏകദിന, ടി-20 ടീമുകളിൽ രോഹിത് ഇല്ല. ഏകദിന ടീമിൽ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസൺ ഇടം നേടി. പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയ്ക്ക് പകരം ടി-20 ടീമിൽ മറ്റൊരു തമിഴ്നാട് താരം ടി നടരാജൻ ടീമിലെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here